നിളയിലെ നീരൊഴുക്ക് ഗതി മാറി; മലപ്പുറത്ത് ജലക്ഷാമം രൂക്ഷമാകും
എടപ്പാൾ- ഭാരതപ്പുഴയിലെ നീരൊഴുക്ക് ഗതി മാറി. മലപ്പുറം ജില്ലയിലെ ചെറുതും വലുതുമായ ഒട്ടേറെ കുടിവെള്ള പദ്ധതികൾക്ക് ഇത് തിരിച്ചടിയായി മാറി. ഡെന്മാർക്ക് ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഡാനി ഡാ പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ഇത്തവണ ജലക്ഷാമത്തിൽ വലയുക.
കഴിഞ്ഞ തവണ പടിഞ്ഞാറൻ ദിശയിലൂടെ ഒഴുകിയിരുന്ന നിള ദിശ മാറി കിഴക്കൻ ഭാഗത്തു കൂടിയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഭാരതപ്പുഴയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളിൽ ഭൂരിപക്ഷവും പടിഞ്ഞാറൻ ഭാഗങ്ങളിലാണ്. പദ്ധതികളുടെ കിണറുകളിലേക്ക് നീരൊഴുക്ക് ഇപ്പോൾ തന്നെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വേനൽ കൂടുതൽ കടുക്കുന്നതോടെ ജല വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും എന്നാണ് ജല അതോറിറ്റിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നീരൊഴുക്ക് ഗതി മാറിയത് ഇത്തവണ കടുത്ത ജലക്ഷാമത്തിന് വഴിയൊരുക്കുമെന്നും ഇവർ പറയുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതപ്പുഴയിൽ പുൽക്കാടുകൾ വളർന്നു പൊങ്ങിയതും നീരൊഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരു കരയും മുട്ടി ഒഴുകിയിരുന്ന നിള ഇപ്പോൾ പലയിടങ്ങളിലും നീർച്ചാലുകളായി മാറിയിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ അടച്ചിട്ടത് മലപ്പുറം ജില്ലയിലേക്ക് ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇത്തരത്തിൽ ഷട്ടറുകൾ അടച്ചിട്ടപ്പോൾ മലപ്പുറം ജില്ലാ കലക്ടർ ഇടപെട്ടാണ് ഷട്ടറുകൾ തുറന്നു കുടിവെള്ള പദ്ധതികൾക്ക് ജലം എത്തിച്ചത്. നീരൊഴുക്ക് ഗതിമാറിയ മൂന്നു വർഷം മുമ്പ് ജെ.സി.ബി ഉപയോഗിച്ച് കിഴക്കു നിന്നും പടിഞ്ഞാറോട്ട് കിടങ്ങുകൾ തീർത്ത് വെള്ളം എത്തിക്കുകയായിരുന്നു. ഇത്തവണ കിണറുകൾ ഒരു ഭാഗത്തും ജലത്തിന്റെ ഒഴുക്ക് ഏറെ ദൂരം കടന്നുമായതിനാൽ ജലം എത്തിക്കുക കഠിനമായ ജോലിയാണ്. ഫെബ്രുവരി, മാർച്ച് മാസം കൂടി ആകുന്നതോടെ കുടിവെള്ള ക്ഷാമം ഇനിയും രൂക്ഷമാകാനാണ് സാധ്യത.
ഇത് മുന്നിൽ കണ്ടു കൊണ്ട് ഇപ്പോൾ തന്നെ ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാർഷിക ആവശ്യങ്ങൾക്കും, കുടിവെള്ളത്തിനും ആവശ്യമായ സൗകര്യങ്ങൾ എന്ന നിലയിൽ ആരംഭിച്ച ബൃഹത് പദ്ധതി ലക്ഷ്യം കാണാതെ പാളിപ്പോയതാണ് കുടിവെള്ള ക്ഷാമത്തിന് ഇടയാക്കിയിരിക്കുന്നത്. കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളിൽ ചോർച്ചയുള്ളതിനാൽ ജലം സംഭരിച്ചു നിർത്താൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ പുഴയിൽ നിന്നുള്ള വെള്ളം വൻതോതിൽ കടലിലേക്ക് ഒഴുകുകയാണ്.
Baratha puzha, nila, pwd, Kerala news, MALAPPURAM,
.jpg)