കേന്ദ്രത്തിനെതിരെ ഒന്നിച്ചുള്ള സമരത്തിന് യു ഡി എഫിന് താല്‍പര്യമില്ല, മുഖ്യമന്ത്രിയുടെ ക്ഷണം യു ഡി എഫ് നിരസിക്കും
തിരുവനന്തപുരം - കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ എല്‍ ഡി എഫുമായി സഹകരിച്ച് ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫില്‍ ധാരണ. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്നാണി യു ഡി എഫിന്റെ വിലയിരുത്തല്‍. കേന്ദ്രത്തിനെതിരെ ദല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നുണ്ട്. ഈ സമരത്തിലേക്ക് യു ഡി എഫ് നേതാക്കളെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ക്ഷണം യു ഡി എഫ് നിരസിക്കും. അടുത്ത യു ഡി ഫ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും. കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. യോജിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദല്‍ഹിയില്‍ നടക്കുന്ന സമരത്തിനായി ക്ഷണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് ഇചതു മുന്നണിയുടെ ലക്ഷ്യം. ദല്‍ഹിയില്‍ സമരം നടക്കുന്ന അതേ ദിവസം കേരളത്തില്‍ ബൂത്ത് തലത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.