📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അമിത വേഗത്തിന് ഇനി നോട്ടീസും മുന്നറിയിപ്പും ഇല്ല; ക്യാമറ പിടിച്ചാല്‍ എം.വി.ഡിയുടെ കരിമ്പട്ടികയിൽ

📢 Published: IST 🔄 Updated: IST
 റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാൽ ഇനി  നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവിൽ എറണാകുളം, കോഴിക്കോട് എൻഫോഴ്സ്മെന്റ് കൺട്രോൾ സ്റ്റേഷനിൽ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോൾ വാഹൻ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവർ വിവരം ചേർക്കും.

ലിങ്കിങ് പൂർത്തിയാകുന്നതോടെ ഇത് പൂർണമായും ഓട്ടോമാറ്റിക്കാവും. പിഴയടച്ചാൽ കരിമ്പട്ടികയിൽനിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നില്ല. ആർ.ടി.ഒ. ഓഫീസിലെ സേവനങ്ങൾ, ഇൻഷുറൻസ് പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വരുമ്പോൾ ക്യാമറപ്പിഴയുണ്ടെങ്കിൽ അടപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റിൽ നേരിട്ട് കാണിക്കും.

കർണാടക, തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലകളിലെ യാത്രക്കാർക്ക് അമിതവേഗം ഇരട്ടി ദുരിതമാണ് നൽകുന്നത്. അതിർത്തി കടക്കാൻ ടാക്സ്, പെർമിറ്റ് എടുക്കുമ്പോഴാകും ക്യാമറപ്പിഴ കാരണം കരിമ്പട്ടികയിൽപ്പെട്ട വിവരമറിയുക. ക്യാമറ സംവിധാനംവഴി അമിതവേഗത്തിന് ഈടാക്കുന്ന പിഴ അറിയിപ്പ് രീതിയും ഉടൻ മാറും. ഇപ്പോൾ തപാൽ വഴിയാണ് നോട്ടീസ് വരുന്നത്. വാഹൻ സോഫ്റ്റ്വേറും ക്യാമറയും തമ്മിൽ ലിങ്ക് ഇല്ലാത്തതിനാൽ ഓട്ടോമാറ്റിക് മെസേജിങ് സംവിധാനം നിലവിലില്ല.

റോഡിൽ അമിതവേഗത്തിന് പുറമേയുള്ള നിയമലംഘനം പിടിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറ (എ.ഐ. ക്യാമറ) ഉടൻ വരും. ജില്ലകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ക്യാമറാ പരീക്ഷണം നടത്തി. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളാകും എ.ഐ. ക്യാമറയിൽ പതിയുക.

ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ഓടിക്കുന്ന ആളെ മാത്രമല്ല, വാഹനത്തിന്റെ നമ്പർപ്ലേറ്റ് വരെ പതിയും. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വെച്ചാലും ക്യാമറയുടെ നിർമിതബുദ്ധി പിടിക്കും. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. മോട്ടോർ വാഹനവകുപ്പ് ഓരോ ജില്ലയിലും എ.ഐ. ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തേ നിശ്ചയിച്ചിരുന്നു.

കെൽട്രോണാണ് സാങ്കേതിക കാര്യങ്ങൾ ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ സെർവറിൽനിന്നാണ് നിയന്ത്രണം. വിവരങ്ങൾ അതത് ജില്ലകളിലേക്ക് കൈമാറും. കണ്ണൂർ ജില്ലയിൽ 51 സ്ഥലങ്ങളാണ് നിർദേശിച്ചിട്ടുള്ളതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു. കാസർകോട് ജില്ലയിൽ 44-ഉം. എന്നാൽ സ്ഥാപിച്ച ക്യാമറകൾ പലതും ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ മാറ്റേണ്ടി വന്നിട്ടുണ്ട്.
Join WhatsApp Group Send News / Ads