മലപ്പുറം: വലിയങ്ങാടി കൈനോട് സ്വദേശികളും അയൽവാസികളുമായ യുവതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഇരുവരും ഗർഭിണികളായിരുന്നു.
പരേതരായ കൈനോട് മങ്കരത്തൊടി അലവിയുടെയും മറിയുമ്മയുടെയും മകളും കോട്ടക്കൽ സൂഫി ബസാർ പുതുക്കുടി അബ്ദുസ്സമദിന്റെ ഭാര്യയുമായ ഷക്കീലയും (38) കൈനോട് ചാത്തൻചിറ മുഹമ്മദലിയുടെയും സുഹ്റാബിയുടെയും മകളും പുഴക്കാട്ടിരി പാതിരമണ്ണ തൊട്ടിയിൽ ജാഫറലിയുടെ ഭാര്യയുമായ മുബീനയുമാണ് (34) ശനിയാഴ്ച പുലർച്ചയും രാത്രിയുമായി മരിച്ചത്.
ഷക്കീല ആറുമാസം ഗർഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മുബീന മരിച്ചത്.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുബീനയുടെ കുഞ്ഞിനെ ശനിയാഴ്ച രാത്രിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും മാതാവിന്റെ ആരോഗ്യനില വഷളായി. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മുബീന രാത്രി 11ഓടെ മരിച്ചു.
ഇവരുടെ മൃതദേഹം ഞായറാഴ്ച രാവിലെ പാതിരമണ്ണയിൽ ഖബറടക്കി. മുബീനയുടെ മറ്റു മക്കൾ: ജിഫ്ന, മുഹമ്മദ് ജിനാൻ, മുഹമ്മദ് ജിഫ്വാൻ. ഷക്കീലയുടേത് ആദ്യ പ്രസവമായിരുന്നു.