ചെന്നൈയനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്


വാസ്‌കൊ - ചെന്നൈയന്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ സെമി ഫൈനല്‍ പ്രതീക്ഷ ശക്തമാക്കി. മൂന്നു മിനിറ്റിനിടയില്‍ രണ്ടു തവണ ലക്ഷ്യം കണ്ട് ജോര്‍ജെ ഡിയാസ് ഗോള്‍വേട്ടക്ക് തുടക്കമിട്ടപ്പോള്‍ ഇഞ്ചുറി അതിമനോഹരമായ ഗോളിലൂടെ അഡ്രിയന്‍ ലൂണ വിജയത്തിന് അടിവരയിട്ടു. 


ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ കടന്ന് പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. 


ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് തുടരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. അച്ചടക്കലംഘനത്തിന് താക്കീത് മാത്രം നല്‍കി ഈ മത്സരം കളിക്കാന്‍ അനുവാദം ലഭിച്ച ജോര്‍ജെ ഡിയാസ് അമ്പത്തിരണ്ടാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. ഹര്‍മന്‍ജോത് ഖബ്രയുടെ ലോംഗ് പാസ് അഡ്രിയന്‍ ലൂണ ഉയര്‍ന്നുചാടി തട്ടിയിട്ടത് ഡിയാസിന്റെ കാലുകളിലേക്കാണ്.

 മാര്‍ക്കറെ വെട്ടിച്ച് ഡിയാസ് വലയിലേക്ക് ഷോട്ടെടുത്തു. മൂന്നു മിനിറ്റിനകം ഡിയാസ് തന്നെ ലീഡുയര്‍ത്തി. അല്‍വാരൊ വാസ്‌ക്വേസ് മനോഹരമായി പിന്‍കാലു കൊണ്ട് തള്ളിക്കൊടുത്ത പന്ത് സഞ്ജീവ് സ്റ്റാലിന്‍ വലയിലേക്ക് തൊടുത്തുവിട്ടെങ്കിലും ക്രോസ്ബാറിനിടിച്ചു മടങ്ങി. റീബൗണ്ടില്‍ ഡിയാസ് വലയിട്ടു കുലുക്കി. അതോടെ ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ നിയന്ത്രണം പിടിച്ചു.
ആദ്യ പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മേധാവിത്വം പുലര്‍ത്തിയെങ്കിലും അവസരം മുതലാക്കാനായില്ല.

 ഇടവേളക്ക് അല്‍പം മുമ്പ് ഡിയാസ് തളികയിലെന്ന പോലെ കിട്ടിയ ചാന്‍സ് കളഞ്ഞുകുളിച്ചു. രണ്ടാം പകുതിയില്‍ വിന്‍സി ബാരറ്റോക്കു പകരം ബ്ലാസ്റ്റേഴ്‌സ് സഹല്‍ അബ്ദുല്‍സമദിനെ ഇറക്കി ആക്രമണത്തിന് കരുത്തു കൂട്ടി. മലയാളി താരം ജോബി ജസ്റ്റിനെ പുറത്തിറക്കി ചെന്നൈ മിര്‍ലാന്‍ മുര്‍സായേവിനെ കളിപ്പിച്ചു. 


കളി തീരാന്‍ ആറു മിനിറ്റ് ശേഷിക്കെ സഹല്‍ ഒരുക്കിയ തുറന്ന അവസരം ചെഞ്ചൊ ഗയല്‍ഷന്‍ പാഴാക്കി. ഡിയാസിന് പകരം ഇറങ്ങിയതായിരുന്നു ഗയ്ല്‍ഷന്‍.
Previous Post Next Post