⚽ ചരിത്രം കുറിച്ച് മെസി..!!🏆

ഏഴാം ബാലൺഡോർ സ്വന്തമാക്കി ലയണൽ മെസ്സി
  
മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ബാഴ്സലോണ താരം അലക്സിയ പുതല്ലാസിനാണ് ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളൻ ഡോർ ഫെമിന പുരസ്‌കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി സ്‌പെയിൻ താരം പെഡ്രി ഗോൺസാലസ് നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മികച്ച സ്‌ട്രെക്കർക്കുള്ള പുരസ്‌കാരം ലെവൻഡവ്‌സ്‌കി സ്വന്തമാക്കി.


 28-വർഷങ്ങൾക്കിപ്പുറം അർജന്റീന എന്ന രാജ്യത്തിന് ഒരു കപ്പ്, കോപ്പ അമേരിക്കയിലൂടെ മെസ്സി നേടിക്കൊടുത്ത വർഷമായിരുന്നു 2021,  അതും സാധാരണയായി ടൂർണമെന്റുകളിൽ പല താരങ്ങൾ പങ്കിടാറുള്ള വ്യക്തിഗത നേട്ടങ്ങൾ ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബോളും, കൂടുതൽ ഗോൾ അടിച്ചതിനുള്ള ഗോൾഡൻ ബൂട്ടും ഏറ്റവും കൂടുതൽ അസിസ്റ്റും നേടികൊണ്ടായിരുന്നു മെസ്സി അർജന്റീനക്ക് കിരീടം നേടി കൊടുത്തത്.

 ബാർസിലോണക്ക് ഏറ്റവും ദയനീയമായ സീസൺ ആയിട്ട് പോലും കോപ്പ ദെൽറെ നേടിക്കൊടുത്തതും മെസ്സി എന്ന ഒറ്റയാന്റെ മികവിൽ ആയിരുന്നു. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ലയണൽ മെസ്സി എന്ന ഇതിഹാസതാരം തന്നെ. ഏഴാമതും ബാലോൺ ഡി ഓർ നേടിയ ലയണൽ മെസ്സിയെ അഭിനന്ദങ്ങളോടെ അഭിവാദ്യം ചെയ്യുന്നു. മറ്റൊരു കളിക്കാരന് ഇനി ഈ റെക്കോർഡ് തകർക്കാൻ പറ്റുമോ എന്നത് പോലും സംശയത്തിൽ ആണ്. 


ഒരു ഫുട്ബോൾ പ്രേമി എന്ന നിലക്ക് ലെവൻഡോസ്‌കിക്ക് അവാർഡ് കിട്ടാതെ പോയതിൽ നിരാശയുണ്ട്. കാരണം കഴിഞ്ഞ വർഷം കൊറോണയുടെ പേരിൽ ബാലോൺ ഡി ഓർ മാറ്റിവെച്ചില്ലായിരുന്നേൽ ഒരേ ഒരു പേര് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടു തവണ മെസ്സിക്ക് ചുണ്ടിനും കപ്പിലും ഇടയിൽ ബാലോൺ ഡി ഓർ നഷ്ടമായിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ തവണ അത് നേടിയ താരം എന്ന നിലക്ക് അതിൽ നിരാശ ഉണ്ടായിരുന്നില്ല. എന്നാൽ ലെവൻഡോസ്‌കിക്ക് ഇനിയൊരു അവസരം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
 ഈ വർഷം അത് തന്നെക്കാൾ അർഹതപെട്ട കൈകളിൽ തന്നെയാണ് എത്തിയത് എന്നതിൽ ലെവൻഡോസ്‌കിക്ക് സമാധാനിക്കാം... 
Previous Post Next Post
WhatsApp