മലപ്പുറം : എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനള്ള പണം തട്ടിയെടുത്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍.
പിടിയിലായവരില്‍ മുസ്ലീംലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗവും ഉണ്ട്. വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എണ്‍പത്തി രണ്ടായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
മുസ്ലീം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു.എന്‍.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരന്‍.എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത്.എം.ടി എന്നിവരാണ് അറസ്റ്റിലായത്. _ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവും മുസ്ലിം ലീഗിന്‍റെ സജീവ പ്രവര്‍ത്തകനും ആണ്._
മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിലെ എ ടി എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തത്.എസ്ബിഐ, ഐസിഐസിഐ, ഐ ഡി ബി ഐ , സൗത്ത് ഇന്ത്യന്‍ ബാങ്ക് , ആക്സിസ് , കാനറ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെവിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ എടുത്ത കമ്പനി ആണ് സി എം എസ് ഇന്‍ഫോ സിസ്റ്റംസ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് നാല് പേരും. മലപ്പുറം ജില്ലയിലെ വിവിധ എ ടി എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഈ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82,000 രൂപയാണ് ആറ് മാസത്തിനിടെ ഇവര്‍ തട്ടിയെടുത്തത്. എ.ടി.എമ്മുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണ് പണം നഷ്ടമായത് ഏജന്‍സി മനസ്സിലാക്കിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ മലപ്പുറം എസ് പി ക്ക് പരാതി നല്‍കി.
തട്ടിപ്പ് ഇങ്ങനെ👇🏻
എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ച അത്ര പണം ഇവര്‍ നിക്ഷേപിക്കുക ഇല്ല. പകരം പണം നിറച്ചു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കും. ഇത്തരത്തില്‍ ആണ് പണം ഇവര്‍ തട്ടിയെടുത്തിരുന്നത്. കമ്പനി പരിശോധന നടത്തും എന്ന നിര്‍ദേശം ലഭിക്കുന്ന സമയത്ത് എടിഎമ്മുകളില്‍ കൃത്യം പണം നിറച്ച് ഇവര്‍ തട്ടിപ്പ് പുറത്താകാതെ നോക്കിയിരുന്നു. എ.ടി.എമ്മില്‍ നിര്‍ദേശിക്കുന്ന അത്ര പണം നിക്ഷേപിക്കുന്നു എന്ന വ്യാജ റിപ്പോര്‍ട്ട് ഏജന്‍സി വിശ്വാസത്തില്‍ എടുത്തിരുന്നു. എ.ടി.എമ്മില്‍ നിന്ന് എടുക്കുന്ന പണത്തിന്റെ കണക്ക് മാത്രമാണ് ഏജന്‍സിക്ക് നേരിട്ട് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നത്.
ഇടക്ക് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണ് തട്ടിപ്പ് പുറത്തായത്. ഒന്ന് രണ്ട് മെഷീനുകളില്‍ നിര്‍ദേശിച്ച കണക്കില്‍ പണം നിറച്ചിട്ടില്ല എന്ന് കണ്ടെത്തിയ ഏജന്‍സി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരും പിടിയില്‍ ആയത്. ജൂണ്‍ രണ്ടിനും നവംബര്‍ 20 നും ഇടയില്‍ ആണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം ജില്ലയില്‍ 13 എ ടി എം മെഷീനുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു.
മഹിത് 78 ലക്ഷം രൂപയും, ഷിബു 70 ലക്ഷം രൂപയും തട്ടിയെടുത്തു എന്ന് ആണ് കണ്ടെത്തിയത്. ശശിധരന്‍ 07 ലക്ഷം രൂപയും കൃഷ്ണരാജ് 05 ലക്ഷം രൂപയും ആണ് തട്ടിയെടുത്തത്. പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ആണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്ക് എതിരെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി വരാനും സാധ്യത ഉണ്ട്.
മലപ്പുറം പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ നാസിര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിന്‍സ് ആന്‍റണി, ഹമിദലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.