മോഫിയ പര്‍വീന്റെ ആത്മഹത്യ: ഭര്‍ത്താവിനെയും ഭര്‍തൃമാതാപിതാക്കളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : നിയമ വിദ്യാര്‍ത്ഥിയായിരുന്ന മോഫിയ പര്‍വീന്‍ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്‍റ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളെ തെളിവെടുപ്പിനും, കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

അതേസമയം കേസില്‍ ആരോപണ വിധേയനായ സി ഐ, സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷന്‍ ഉപരോധം ഇപ്പോഴും തുടരുകയാണ്. സിഐയെ സസ്പെന്‍ഡ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസ് ഉപരോധിക്കും. അതേസമയം സിഐയോട് ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതര്‍ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡി ഐ ജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു
Previous Post Next Post
WhatsApp