*ഇനിയെന്തെല്ലാം ജോലി..!?*
മൈതാനത്തെ പരിപാലിക്കുന്നവരായും ഗാലറിക്ക് സമീപവും മറ്റമുള്ള പുല്ലുകൾ വെട്ടിത്തെളിക്കുന്നവരുമായി ജോലിക്കാർ തിരക്കിലാണ്. മൈതാനത്തെ പുല്ലിന് മരുന്നടിച്ചശേഷം കളകൾ പൂർണമായും ഒഴിവാക്കണം. സ്റ്റേഡിയത്തിനും ഗാലറികൾക്ക് ചുറ്റുമുള്ള കാടും പുല്ലും വെട്ടിത്തെളിക്കണം. കാണികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കേണ്ടതുണ്ട്. വി.ഐ.പി. പവനിയലിലെ കസേരകളിൽ മിക്കതിന്റെയും ഉറപ്പുപോയിട്ടുണ്ട്. ഇതും നവീകരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണം. പവലിയന് താഴെ മറ്റൊരു ഇരിപ്പിടം കൂടി സജ്ജമാക്കുന്നുണ്ട്. കൂടുതൽ കാണികൾക്ക് സൗകര്യമൊരുക്കേണ്ടതുണ്ടെങ്കിൽ താത്‌കാലിക ഗാലറിയും നിർമിക്കാം. പരിശീലനമൈതാനം, പാർക്കിങ് ഗ്രൗണ്ട് ഉൾപ്പടെയുള്ളവയും വേഗത്തിലാക്കണം.
*മുഖമിനിയും മിനുക്കണം*
സ്റ്റേഡിയത്തിന്റെ മുഖച്ഛായ ഇനിയുമേറെ പുതുമുഖമാകേണ്ടതുണ്ട്. പെയിന്റടിച്ച് മുഖംമിനുക്കാനുള്ള പ്രവൃത്തികളാണ് വേണ്ടത്. ഗാലറിയുടെ പെയിന്റ് മഴയുംവെയിലുംകൊണ്ട് നശിച്ചിട്ടുണ്ട്. ഇത് ഡിസംബറോടെ പെയിന്റ് ചെയ്യും. തത്സമയ സംപ്രേക്ഷണത്തിനാവശ്യമായ വെളിച്ചമൊരുക്കാൻ 64 ഫ്ലഡ്‌ലിറ്റ് കൂടി സ്ഥാപിക്കും. ഇതിന്റെ ടെൻഡർ നടപടികളായിട്ടുണ്ട്. പുറമേ, കാലപ്പഴക്കംകൊണ്ട് നശിച്ച ബാരിക്കേഡുകളും മാറ്റും.
*ഡിസംബറോടെ സജ്ജമാക്കും*
ഡിസംബർ അവസാനത്തോടെ സ്റ്റേഡിയം പൂർണമായി സജ്ജമാക്കാനാണ് നീക്കം. നിലവിൽ വിവിധ ക്ലബ്ബുകളുടെയും സ്കൂളുകളുടെയും പരിശീലനങ്ങൾ നടക്കുന്നുണ്ട്. ഡിസംബറിൽ ഇത് ഒഴിവാക്കി പൂർണമായി അടച്ചിട്ട് സ്റ്റേഡിയത്തിലെ ജോലികൾ തീർക്കും.