സായാഹ്‌ന വാർത്തകൾ

🔳കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ ആക്ട് വീണ്ടും ചര്‍ച്ചയാക്കി രാഷ്ട്രപതി രാംനാഥ് കൊവിന്ദ്. ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ മാറ്റം വരണമെന്നും അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓള്‍ ഇന്ത്യാ ലെവല്‍ പരീക്ഷയിലൂടെ മേല്‍ക്കോടതിയിലേക്ക് ഉയര്‍ത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. ആറ് വര്‍ഷം മുമ്പ് സുപ്രീം കോടതി  നിര്‍ത്തലാക്കിയ നിയമമാണ് എന്‍ജെഎസി ആക്ട്. 

🔳തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഒരു ഗുണഭോക്താവിനോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വികസന മുന്നേറ്റത്തില്‍ ഇന്ത്യ ഒരു വഴിത്തിരിവിന്റെ മുന്നിലാണെന്നും നമ്മുടെ യുവാക്കള്‍ തൊഴിലന്വേഷകര്‍ എന്നതിനപ്പുറം തൊഴില്‍ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് നിലവില്‍ 70 ല്‍ കൂടുതല്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്.

🔳ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ്  തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞുവരുന്നതായും ഹിന്ദുത്വ വികാരം കുറഞ്ഞു വരുന്നതായും വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറക്കരുതെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

🔳എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടി. ചരിത്രപുസ്തകങ്ങളില്‍ മുഗള്‍ രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ക്കു പകരം ഹിന്ദു രജപുത്ര ചക്രവര്‍ത്തി മഹാറാണാ പ്രതാപിനെപ്പോലുള്ളവരെക്കുറിച്ചു പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത്. മുഗള്‍ ഭരണാധികാരികളെ അതിശയോക്തി കലര്‍ത്തി പഠിപ്പിക്കുന്നതു കുറയ്ക്കണമെന്നും പകരം, സിഖു ഗുരുക്കന്മാരുടെ ചരിത്രവും പോരാട്ടങ്ങളും പാഠഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കണമെന്നും പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.

🔳അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ് രണ്ട് ദിവസമാകുമ്പോഴും ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നില്‍ക്കുകയാണ് ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യമേഖലാ എണ്ണക്കമ്പനികള്‍. വില കുറയ്ക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടുമില്ലെന്നും റിപ്പോര്‍ട്ടുകള്‍.

🔳കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ജനങ്ങള്‍ ജാഗ്രത കൈവെടിയാതെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. നിലവില്‍ ആധികാരികമായി ഒന്നും പറയാനാകില്ല. എങ്കിലും ഡെല്‍റ്റയെക്കാള്‍ കൂടുതല്‍ വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

🔳വിവിധ അതിരൂപതകളിലെ പ്രതിഷേധങ്ങള്‍ക്കിടെ സിറോ മലബാര്‍ സഭയില്‍ പുതുക്കിയ ആരാധനാക്രമം നിലവില്‍ വന്നു. തൃശ്ശൂര്‍ അതിരൂപതയില്‍ പുതിയ രീതിയില്‍ കുര്‍ബാന തുടങ്ങി. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കേണ്ടത്. എന്നാല്‍, പഴയ രീതി തന്നെ തുടരുമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. അതേസമയം, പരിഷ്‌കരിച്ച കുര്‍ബാനയുമായി മുന്നോട്ട് പോകുമെന്നാണ് കര്‍ദിനാളിന്റെ തീരുമാനം.

🔳മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കാലയളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.


🔳വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ടെന്നും അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

🔳ആലുവയിലെ നിയമവിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ സിഐ സുധീറിനെതിരെ പരാര്‍മര്‍ശം. സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചതെന്നാണ് പരാര്‍മശം. മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ആലുവ ഈസ്റ്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് സിഐയ്ക്കെതിരെ പരാമര്‍ശമുളളത്. 

🔳മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.  തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
  
🔳തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമെതിരെ കേസ്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വച്ച്  യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം 10 പേര്‍ പ്രതികളാണ്. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ബ്രാഞ്ച് സെക്രട്ടറി സജിമോന്‍. എന്നാല്‍ സജിമോന് എതിരെ ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും തിരുവല്ല സിപിഎം എരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി പറഞ്ഞു.

🔳തിരുവല്ലയിലെ പീഡന കേസില്‍ പാര്‍ട്ടി നേതാവിനെതിരേ പരാതി നല്‍കിയ വനിത പ്രവര്‍ത്തകയ്‌ക്കെതിരേ സിപിഎം നടപടി. വനിതാപ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി വിശദീകരിച്ചു.

🔳കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക. കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റിന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബംഗ്ലൂരു ഹൊസൂര്‍ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ നഴ്സിങ്ങ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ബെംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് ഒമ്രികോണ്‍ വകഭേദദമില്ലെന്ന് സ്ഥിരീകരിച്ചു.

🔳അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ ത്രിപുരയിലെ വിവധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റം. ഭൂരിഭാഗം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. വോട്ടണ്ണല്‍ പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. വന്‍ മുന്നേറ്റത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാഗ്രഹിച്ച തൃണൂല്‍ കോണ്‍ഗ്രസിന് തീര്‍ത്തും നിരാശ പകരുന്ന ഫലമാണ് ആദ്യഘട്ടത്തില്‍ വരുന്നത്.

🔳റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായി. ഒമിക്രോണിനെ തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണിത്. ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മില്‍ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 91.4 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരില്‍ ഇപ്പോള്‍ 11ാമതാണ് അദ്ദേഹം. ഗൗതം അദാനിയാകട്ടെ 13ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി 78.1 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ഇന്റക്സിലെ 2021 നവംബര്‍ 27 ലെ കണക്ക് പ്രകാരമാണിത്.  

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേസ് ഇന്നിറങ്ങും. കരുത്തരായ ബെംഗളൂരു എഫ് സിയാണ് എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ആദ്യജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ തന്ത്രങ്ങളും കളിയും മാറ്റിയാലെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനാകൂ.

🔳ന്യൂസീലന്‍ഡിനെതിരായ കാണ്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെന്ന നിലയിലാണ്. ടീമിന് ഇപ്പോള്‍ 234 റണ്‍സ് ലീഡായി.

🔳സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ബാഴ്‌സലോണ. ഈ സീസണില്‍ ഇതാദ്യമായാണ് ബാഴ്‌സ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ജയിച്ചുകയറുന്നത്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ അവസാന ആറു മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനും ലിവര്‍പൂളിനും ജയം. പതിമൂന്നാം റൗണ്ടില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളും. ഇതോടെ 23 പോയിന്റുമായി ആഴ്‌സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം, ലിവര്‍പൂളിന്റെ ജൈത്രയാത്ര തുടരുകയാണ്.. ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളിന് സതാംപ്ടണെ തകര്‍ത്തു. ഡീഗോ ജോട്ടയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂളിന്റെ ജയം.

🔳ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഷവോമി കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റും ഒരുങ്ങുകയാണ്. പ്രതിവര്‍ഷം 300,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പ്ലാന്റ് ബീജിംഗില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി. രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിര്‍മ്മിക്കുക.

🔳നിവിന്‍ പോളി നായകനാകുന്ന പുതുക്കിയ ചിത്രം അന്നൗന്‍സ് ചെയ്തു. ഇഷ്‌കിന് പിന്നാലെ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ശേഖരവര്‍മ്മ രാജാവ്' എന്നാണ് പേരിട്ടിരിക്കുന്നത്.എസ് രഞ്ജിത്താണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമ ഉടന്‍ ആരംഭിക്കും.

🔳ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അജഗജാന്തരം' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് അജഗജാന്തരം എത്തുന്നത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

🔳അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി പ്രധാന ലോഞ്ചുകള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ അടുത്ത ലോഞ്ച് അഡ്വഞ്ചര്‍ ടൂററായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വിലയേക്കാള്‍ കുറവും കൂടുതല്‍ താങ്ങാനാവുന്ന റോഡ് അധിഷ്ഠിത പതിപ്പായിരിക്കും ഇത്. 2022 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് എത്തും. സ്‌ക്രാം 411 എന്നാണ് ഈ ബൈക്കിന്റെ കോഡുനാമം. എന്നാല്‍ ബൈക്കിന്റെ ഔദ്യോഗിക നാമം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

🔳ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. 'ഗോപുവിന്റെ പക്ഷി'. പേരൂര്‍ അനില്‍കുമാര്‍. എച്ച ആന്‍ഡ് സി ബുക്സ്. വില 60 രൂപ.

🔳വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ. ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്. കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം. കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ പങ്കെടുത്ത 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 43 ശതമാനം പേര്‍ തീക്ഷ്ണത കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന അളവിലോ ഉള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് പഠനം പറയുന്നത്. ആരോഗ്യ സംവിധാനങ്ങള്‍ ഭൂരിഭാഗവും കൊവിഡ് 19 ചികിത്സയ്ക്കായി മാറ്റി വയ്ക്കപ്പെട്ടപ്പോള്‍ പ്രായമേറിയ പലര്‍ക്കും കൃത്യമായ ചികിത്സാസൗകര്യങ്ങള്‍ കിട്ടാതെ വന്നു. തൊഴിലില്ലായ്മ, ജോലി നഷ്ടപ്പെടല്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ എന്നിവയും പ്രായമായവരില്‍ വിഷാദരോഗം കടുപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
➖➖➖➖➖➖➖➖
Previous Post Next Post
WhatsApp