ചന്ദ്രോപരിതലത്തിൽ സൾഫർ; മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയെന്ന് കണ്ടെത്തൽ


ന്യൂഡൽഹി - ചന്ദ്രയാൻ മൂന്ന് ദൗത്യവിജയത്തിന് പിന്നാലെ, പുതിയ കണ്ടെത്തലുകൾ സ്ഥിരീകരിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് സ്ഥിരീകരണം. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്‌സ് ആണ് മണ്ണിൽ നേരിട്ട് പരിശോധന നടത്തി സൾഫർ കണ്ടെത്തിയത്. സൾഫറിന് പുറമെ അലൂമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്. 
 ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേ വിവരങ്ങളാണിത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.
 ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്‌തേ. ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണിത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന് 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തിൽ ഉപകരണം അളന്നത്. സൂര്യന്റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് 50 ഡിഗ്രി സെൽഷ്യസാണെങ്കിലും, 80  മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നതെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
 കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടിരുന്നു. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിലുള്ള നാല് മീറ്റർ വ്യാസമുള്ള ഗർത്തം അതുലുണ്ടായിരുന്നു. ഈ ഗർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കുകയായിരുന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീക്കിയപ്പോൾ റോവറിന്റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
Previous Post Next Post
WhatsApp