ഇനി എച്ച്.ഡി ക്വാളിറ്റിയില്‍ ഫോട്ടോസും, വീഡിയോസും അയക്കാം; അപ്‌ഡേഷനുമായി വാട്‌സാപ്പ്
വാട്‌സാപ്പില്‍ ചിത്രങ്ങളും ഫോട്ടോസും അയക്കുമ്പോള്‍ ക്വാളിറ്റി കുറയുന്നു എന്ന തരത്തിലുളള പരാതികള്‍ ഉപഭോക്താക്കള്‍ ഏറെ നാളായി ഉന്നയിക്കുന്നതാണ്. ഡോക്യുമെന്റായി ഫയലുകള്‍ അയച്ചാലും വലിയ ക്വാളിറ്റി ലഭിക്കുന്ന തരത്തില്‍ അതൊന്നും പങ്കു വെക്കാന്‍ വാട്‌സാപ്പ് മുഖാന്തരം സാധിക്കില്ലായിരുന്നു. എന്നാല്‍ ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പിപ്പോള്‍.ഇനി മുതല്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ വാട്‌സ് ആപില്‍ സെന്‍ഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തില്‍ ഉടന്‍തന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോകളും ഇത്തരത്തില്‍ കൈമാറ്റം ചെയ്യാനാകും.
എച്ച്ഡി (2000×3000 പിക്‌സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365×2048 പിക്‌സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാല്‍ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോബൈഫോട്ടോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു.മള്‍ട്ടി ഡിവൈസ് സേവനം, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി അപ്‌ഡേറ്റുകളാണ് അടുത്തിടെ വാട്‌സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്.