മലയാളിക്ക് കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥ : പി.കെ ഫിറോസ്
കോഴിക്കോട് : ഇത്തവണത്തെ ഓണം ഉണ്ണാൻ മലയാളിക്ക് കാണം വിറ്റാലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പച്ചക്കറിയില്ലാ സാമ്പാർ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിമാനും ജനോപകാരിയുമായ ഭരണാധികാരിയായിരുന്നു മഹാബലിയെങ്കിൽ ഏകാധിപതിയും കഴിവുകെട്ട ഭരണാധികാരിയുമാണ് ഇന്ന് കേരളം ഭരിക്കുന്ന പിണറായി വിജയനെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം പ്രധാന കർത്തവ്യമായി നിർവ്വഹിച്ച് വരുന്നത് വില വർദ്ധിപ്പിക്കലാണ്. പെട്രോൾ-ഡീസൽ നികുതികൾക്കൊപ്പം കെട്ടിട നികുതിയും അനിയന്ത്രിതമായി വർദ്ധിപ്പിച്ച സർക്കാർ ഇപ്പോൾ അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെയും വിലയും വലിയ തോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. മലയാളിയുടെ ആഘോഷമായ ഓണം അടുത്തെത്തിയിട്ടും എങ്ങിനെ കൊണ്ടാടുമെന്നാലോചിച്ച് നെട്ടോട്ടമോടുകയാണ് പാവം ജനതയെന്നും ഫിറോസ് കൂട്ടിചേർത്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ സി അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ്, വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, സെക്രട്ടറി ഷിജിത്ത് ഖാൻ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സക്കീർ കിണാശ്ശേരി, ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, കോയ മോൻ പള്ളിക്കണ്ടി, സക്കീർ കൊമ്മേരി, കോയമോൻ പുതിയ പാലം, ഇർഷാദ് മനു, ഷമീർ കല്ലായി, നസീർ കപ്പക്കൽ, അസ്ക്കർ പന്നിയങ്കര ,സലിം കൊമ്മേരി, യൂനുസ് കോതി, ഫാഹിദ് ചാപ്പയിൽ പ്രസംഗിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി സിറാജ് എം സ്വാഗതവും സെക്രട്ടറി നാസർ ചക്കുംകടവ് നന്ദിയും പറഞ്ഞു.