ആനങ്ങാടി വാഹനാപകടം: മരിച്ചത് കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപിക
കടലുണ്ടി നഗരം: ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കടലുണ്ടി സ്വദേശിനിയായ മദ്രസ അധ്യാപിക. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയും കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ബുഷ്റ(40) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ബുഷ്റ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.