മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ നിലമ്പൂരിൽ അറസ്റ്റിൽ; പ്രതിയുമായി പോലീസ് തൃക്കാക്കരയിലേക്ക്
മലപ്പുറം - മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വച്ചാണ് അറസ്റ്റ്.
മതവിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഷാജൻ സ്‌കറിയ ഇന്ന് രാവിലെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഷാജനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഷാജനോട് ഇന്ന് നിലമ്പൂർ എസ്.എച്ച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ നിലമ്പൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയ്‌ക്കെതിരെ നിലമ്പൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യം നേടിയ ശേഷം 17ന് ഹാജറാകേണ്ടിയിരുന്ന ഷാജൻ ഹാജറായിരുന്നില്ല. തുടർന്ന് ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്‌കറിയയുടേതെന്നും കോടതി വിമർശിച്ചതിന് പിന്നാലെയാണ് ഷാജൻ ഇന്ന് നിലമ്പൂർ സ്റ്റേഷനിൽ ഹാജരായത്.
ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് തൃക്കാക്കര പോലീസിന്റെ അറസ്റ്റ്. ഷാജനെ പോലീസ് തൃക്കാക്കരയിലേക്ക് കൊണ്ടുപോയി. ഷാജൻ സ്‌കറിയ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവറും ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ പ്രധാനമന്ത്രിക്കും ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്.