ഓണച്ചന്ത 19 മുതൽ; 13 സാധനങ്ങൾ സപ്ലൈക്കോ വിലയിൽ 1500 കേന്ദ്രങ്ങളിൽ ലഭിക്കും


തിരുവനന്തപുരം - ഓണം കൺമുമ്പിലെത്തി നിൽക്കേ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ആശ്വാസകരമെന്നോണം കൺസ്യൂമർഫഡിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ ഈ മാസം 19 മുതൽ സംസ്ഥാനത്ത് ആരംഭിക്കും. 
 വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ സപ്ലൈകോയിലെ അതേ വിലയിൽ സാധാരണക്കാരന് ലഭിക്കുന്ന വിധത്തിലാണ് ചന്തകളുടെ ക്രമീകരണം. നോൺ സബ്‌സിഡി സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ പത്ത് മുതൽ 40 ശതമാനം വരെ വിലക്കുറവാണ് ഇവിടെ ലഭിക്കുക. സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു. 

ഒരു റേഷൻകാർഡിന് സപ്ലെകോനിരക്കിൽ സബ്‌സിഡി സാധനങ്ങളായ  ആന്ധ്ര ജയ അരി, കുറുവ, അഞ്ച് കിലോ കുത്തരി, രണ്ട്കിലോ പച്ചരി, ഒരുകിലോ പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, അരലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് ലഭിക്കുക. കുറഞ്ഞവിലക്ക് സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും ലഭിക്കും.
 സംസ്ഥാനത്ത് 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തിക്കുക. 
തിരക്ക് നിയന്ത്രിക്കാൻ വിപണന കേന്ദ്രങ്ങളിൽ മുൻകൂർ കൂപ്പൺ നല്കും. ഓണക്കാലത്ത് 200 കോടി രൂപയുടെ വിൽപ്പനയാണ് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 
 ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനമഴയും കൺസ്യൂമർഫെഡ് ഒരുക്കിയിട്ടുണ്ട്. 500 രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ആകർഷകമായ സമ്മാനം ലഭിക്കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുക. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 175 ചന്തകളിലാണ് ഇത് ലഭ്യമാവുക. സെപ്തംബർ പത്തുവരെ സമ്മാനമഴ തുടരും.
 വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും നേതൃത്വത്തിൽ അതത് തദ്ദേശ സ്ഥാപന പരിധിയിൽ ഓണം പച്ചക്കറി ചന്തകളും മറ്റും ഒരുക്കി പരമാവധി ജനങ്ങൾക്ക് ആശ്വാസം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
 അതേസമയം, സംസ്ഥാനത്ത് ഇത്തവണ എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ലെന്ന് സർക്കാർ വ്യക്തിമാക്കിയതോടെ, കടുത്ത സാമ്പത്തിക ബാധ്യതയാണ് ഓരോ മലയാളി വീടുകളെയും കാത്തിരിക്കുന്നത്. തൊഴിലും കൂലിയും മറ്റു പ്രശ്‌നങ്ങളുമെല്ലാം വേട്ടയാടുമ്പോഴും മലയാളി കുടുംബങ്ങൾ ഓണാഘോഷത്തിന് പൊലിമയൊന്നും കുറയരുതെന്ന ദൃഢനിശ്ചയവുമായാണ് മുന്നോട്ട് പോകുന്നത്.
Previous Post Next Post
WhatsApp