കെട്ടിട നിർമാണ ഫീസ് കുറച്ചതിന് മുൻകാല പ്രാബല്യം; അധികമായി പിരിച്ച തുക തിരികെ നല്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചത് മുൻകാല പ്രാബല്യത്തോടെയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പുതിയ നിരക്കിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും അധികമായി ഈടാക്കിയ തുക തിരിച്ചു നൽകുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
തിരിച്ചു നൽകാൻ കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ് വഴിയും ഓൺലൈൻ സംവിധാനം ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ കെട്ടിട നിർമാണത്തിനുള്ള ഫീസ് അതിഭീമമായ തോതിൽ സർക്കാർ കൂട്ടിയത് തിരിച്ചടിയായത് തെരഞ്ഞെടുപ്പിലെ പരാജയത്തോടെയാണ് സി.പി.എമ്മിന് മനസ്സിലായത്. പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ, ജില്ലാ-സംസ്ഥാന ഘടകങ്ങളിൽ ഇതിനെതിരേ രൂക്ഷമായ വിമർശം ഉയർന്നതോടെ ഫീസ് കുറയ്ക്കാൻ സി.പി.എം നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ ഇന്ന് തീരുമാനിക്കുകയാണുണ്ടായത്.
ഇതോടെ, 60 ശതമാനം വരെയാണ് ഫീസിലുണ്ടാവുന്ന കുറവ്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്ത് 1 മുതലാണ് നിലവിൽ വരികയെന്നും വകുപ്പ് മന്ത്രി രാവിലെ അറിയിച്ചിരുന്നു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറച്ചപ്പോൾ, മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയുമായാണ് കുറച്ചത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറച്ചത്.
300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായും മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ഉം ആയി കുറയും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തി.