മഞ്ഞപ്പിത്ത മരണം; വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് 3 മാസത്തേക്കു നിരോധിച്ചു
തേഞ്ഞിപ്പലം ∙ മഞ്ഞപ്പിത്തം ബാധിച്ച് ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ കർശന ആരോഗ്യ സുരക്ഷാ നടപടിക്ക് തീരുമാനം. 6 പഞ്ചായത്തുകളിലും വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് 3 മാസത്തേക്കു നിരോധിച്ചു. മണ്ഡലത്തിലെ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പി.അബ്ദുൽ ഹമീദ് എംഎൽഎ വിളിച്ചു കൂട്ടിയ യോഗത്തിലാണ് തീരുമാനം. മഞ്ഞപ്പിത്തം ബാധിച്ചവർ മൂന്നാഴ്ച മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയുന്നത് ഉറപ്പാക്കും. രോഗലക്ഷണം വിദ്യാർഥികളിൽ പ്രകടമായാൽ വിദ്യാഭ്യാസ വകുപ്പ് വഴി ജില്ലാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകും.
ചില സ്ഥാപനങ്ങൾ മഞ്ഞപ്പിത്ത വ്യാപനം രഹസ്യമാക്കുന്നുവെന്ന ആരോഗ്യ പ്രവർത്തകരുടെ ആശങ്ക സംബന്ധിച്ച് പരിശോധിക്കും. സ്കൂളിൽ ഹാജരാകാത്ത വിദ്യാർഥികളുടെ വിവരം രക്ഷിതാക്കളെ വിളിച്ചന്വേഷിച്ച് പ്രധാനാധ്യാപകർ ആരോഗ്യ വകുപ്പിന് കൈമാറണം. സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഭക്ഷണ വിൽപനശാലകളിലെയും സ്കൂളുകളിലെയും ജലസ്രോതസ്സുകൾ 3 മാസത്തിലൊരിക്കൽ പരിശോധിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ബോധവൽക്കരണം നടത്തും. രോഗികളെ ഒരു മാസം ഫോണിൽ വിളിച്ചും നേരിട്ട് കണ്ടും വിവരങ്ങൾ അന്വേഷിച്ചു നിരീക്ഷണം നടത്തും.
ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിവര ശേഖരണം നടത്തും. പഞ്ചായത്ത് തലത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തും. ഭക്ഷണം പാചകം ചെയ്യുന്നവരും പായ്ക്ക് ചെയ്യുന്നവരും കുത്തിവയ്പ് എടുക്കണമെന്നു നിർദേശം നൽകും. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ക്ലോറിനേഷൻ നിർബന്ധമാക്കും. സ്കൂളുകളിലെ പാചകവും ഭക്ഷണ വിതരണവും കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. അശാസ്ത്രീയ ചികിത്സ നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക, നെടുവ സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. വാസുദേവൻ, പെരുവള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബാബു, മെഡിക്കൽ ഓഫിസർമാരായ ഡോ. എസ്.സന്തോഷ്, ഡോ. അനിത, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അബ്ദുൽ കലാം (പെരുവളളൂർ), സി.കെ.അബ്ബാസ് (പള്ളിക്കൽ), എൻ.എം.സുഹറാബി (മൂന്നിയൂർ), എ.ഷൈലജ (വള്ളിക്കുന്ന്), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ബിച്ചു, നോഡൽ ഓഫിസർ ഡോ. ഷുബിൻ ചോലയിൽ തുടങ്ങിയവർ പങ്കെടുത്തു.