വനിതാ ബാലൻ ഡി ഓർ പുരസ്‌കാരം ഐതാന ബൊൻമാടിക്ക്
മികച്ച വനിത താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം സ്‌പെയിനിന്റെ ഐതാന ബൊൻമാടി നേടി. ബൊൻമാടിയുടെ ആദ്യ ബാലൻ ഡി ഓറാണിത്. വനിത ലോകകപ്പും സ്‌പെയിൻ നേടിയത് 25 കാരിയുടെ മിടുക്കിലായിരുന്നു. ചാംപ്യൻസ് ലീഗ് ബാഴ്‌സലോണക്ക് സമ്മാനിച്ചതിലെ കരുത്തും ഇവരായിരുന്നു.
ബാലൻ ഡി ഓർ നേടിയതിൽ ഞാൻ അഭിമാനിക്കുന്നു. ഫുട്‌ബോൾ ഒരു കൂട്ടായ കായിക വിനോദമാണ്, അതിനാൽ ഈ സമ്മാനം എന്റെ ടീമംഗങ്ങൾക്കും സ്റ്റാഫിനും സമർപ്പിക്കുന്നുവെന്നും ഐതാന പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷവും വനിത ബാലൻ ഡി ഓർ പുരസ്‌കാരം സ്‌പെയിൻ ടീം അംഗങ്ങൾക്കായിരുന്നു. കഴിഞ്ഞ തവണ എഫ്.സി ബാഴ്സലോണ ടീമിലെ സഹതാരം അലക്സിയ പുട്ടെല്ലസിനായിരുന്നു. ബാഴ്സലോണയെയും സ്പെയിനിനെയും പ്രതിനിധീകരിക്കുന്ന കളിക്കാർ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ അവാർഡുകൾ നേടുന്നതിനാണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്. ഫിഫ വനിതാ ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ആറ് വർഷത്തെ ചരിത്രത്തിൽ രണ്ട് വ്യത്യസ്ത വനിതാ ബാലൺ ഡി ഓർ ജേതാക്കളെ സൃഷ്ടിച്ച ആദ്യ രാജ്യമായി മാറി. ബാലൻ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതയാണ് ഐതാന.