ഫുട്‌ബോളിന്റെ രാജകിരീടം മെസിക്ക്
പാരീസ്- ലോക ഫുട്‌ബോളിന്റെ രാജ കിരീടം ഒരിക്കൽ കൂടി ലയണൽ മെസിക്ക്. മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതും അർജന്റീനയുടെ ലിയണൽ മെസി സ്വന്തമാക്കി. ഡേവിഡ് ബെക്കാമാണ് മെസിക്ക് പുരസ്കാരം സമ്മാനിച്ചത്. ലോകകപ്പ് അടക്കമുള്ള വൻ വിജയനേട്ടങ്ങൾ സ്വന്തമാക്കിയ ഫുട്‌ബോൾ ഇതിഹാസം ഈ വർഷം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള വ്യക്തിഗത പുരസ്കാരം നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിംഗ് ഹാലന്റായിരുന്നു മെസിക്കൊപ്പം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന മറ്റൊരു തരം. ഫ്രഞ്ച് താരം കിലിയൻ എംബപ്പയും അന്തിമ പട്ടികയിലുണ്ടായിരുന്നു. അവസാന നാലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്നും മെസിക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നു.
മൈതാനത്ത് അവിസ്മരണീയ മുഹൂർത്തം തീർക്കുന്ന ഫുട്‌ബോൾ മാന്ത്രികൻ കാൽപ്പന്തുകളിയിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം ഒരിക്കൽ കൂടി സ്വന്തം നെഞ്ചിലമർത്തി. ലോകകപ്പ് കിരീടം നേടിയതാണ് ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് മെസി പറഞ്ഞു. ബാലൻഡിഓർ നേടുന്ന ആദ്യ ഇന്റർമിയാമി കളിക്കാരനാണ് മെസി. ഈ നിമിഷം ആസ്വദിക്കാൻ ഒരിക്കൽ കൂടി ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്. ലോകകപ്പ് നേടാനും എന്റെ സ്വപ്നം സാക്ഷാത്കരിക്കാനും കഴിഞ്ഞുവെന്നും മെസി വ്യക്തമാക്കി. ലോകകപ്പ് നേടിയത് കൊണ്ടാണോ ഈ ബാലൻഡിഓർ അധിക സ്പെഷ്യൽ ആകുന്നത് എന്ന ദിദിയർ ദ്രോഗ്ബ ചോദ്യത്തിന് എല്ലാം പ്രത്യേകതയുള്ളതാണ് എന്നായിരുന്നു മറുപടി.
2007 മുതൽ 2023 വരെയുള്ള ബാലൻ ഡി ഓർ പുരസ്‌കാര നിർണയത്തിലെ അന്തിമ പട്ടികയിൽ രണ്ടു വർഷമൊഴികെ എല്ലാ തവണയും മെസിയുണ്ട്. 2018-ൽ മെസി അന്തിമ പട്ടികയിൽ ഉണ്ടായിരുന്നില്ല. കോവിഡ് കാരണം 2020-ൽ പുരസ്‌കാരവും ഉണ്ടായില്ല. കഴിഞ്ഞ വർഷവും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും കരീം ബെൻസീമയാണ് ജേതാവായത്. നിലവിൽ അമേരിക്കയിലെ ഇന്റർമിയാമി താരമാണ് മെസി.
ലിയോ എന്ന് വിളിക്കുന്ന ലിയോണൽ ആന്ദ്രസ് മെസ്സി 1987 ജൂൺ 24-നാണ് ജനിച്ചത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനാണ്. 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ ആ രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കി. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓർ കൂടി സ്വന്തമാക്കിയതോടെ ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2022ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ടെന്നീസ് താരം നൊവാക് ജോകോവിച്ചായിരുന്നു ബാലന്‍ ഡി ഓര്‍ വേദിയിലെ പ്രത്യേക അതിഥി. ലോകത്തിലെ ഏറ്റവും വലിയ കായിക ഇനം ഫുട്ബോളാണെന്ന് ജോകോവിച്ച് പറഞ്ഞു.