ഫലസ്തീനിലേത് യുദ്ധമല്ല, വംശീയ ഉന്മൂലനമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
കോഴിക്കോട് - ഫലസ്തീനിലേത് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് പോലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധമല്ല, മറിച്ച് ഏകപക്ഷീയമായ കൊന്നൊടുക്കലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാനല്ല, ഒരു ജനതയെ വംശീയമായി തുടച്ചുനീക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നന്മയുടേതാണ് നമ്മുടെ പക്ഷം. അക്രമത്തിന്റെ കൂടെയല്ലെന്നു പറഞ്ഞ ഇ.ടി, ഫലസ്തീൻ അംബാസഡർ യശ്ശശരീരനായ ഇ അഹമ്മദിനെ കുറിച്ച് പറഞ്ഞതും ശ്രദ്ധയിൽ പെടുത്തി. 'അവർ ബെസ്റ്റ് ലീഡർ' എന്നാണ് ഫലസ്തീൻ അംബാസഡർ ഇ അഹമ്മദിനെ കുറിച്ച് കഴിഞ്ഞദിവസം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ ഏറ്റവും വലിയ സ്‌നേഹിതനായിരുന്നു ഇ അഹമ്മദെന്നും ഫലസ്തീൻ ജനതയ്ക്ക് സ്വാന്ത്ര്യം ലഭിക്കുംവരേ അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ നമുക്കാവണമെന്നും വ്യക്തമാക്കി.