ഈരാറ്റുപേട്ടയിലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു
ഈരാറ്റുപേട്ട - വെള്ളിയാഴ്ച ഈരാറ്റുപേട്ടയിൽ ലജ്‌നത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു.
പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി ഇമാം സുബൈർ മൗലവി, നൈനാർ പള്ളി പ്രസിഡന്റ് മുഹമ്മദ് സക്കീർ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, എസ്.ഡി.പി.ഐ നേതാവ് അയ്യൂബ് ഖാൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് അന്യായമായി സംഘംചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.
സമാധാനപരമായി നടന്ന റാലിക്കെതിരെ പോലീസ് കേസെടുത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. അനുമതി വാങ്ങി പോലീസ് സംരക്ഷണയിൽ നടന്ന റാലിക്കെതിരെ പോലീസ് കേസെടുത്തത് തികച്ചും അന്യായ നടപടിയാണെന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. ഈരാറ്റുപേട്ടയേയും ഇവിടത്തെ ജനങ്ങളേയും മത പണ്ഡിതരേയും നേതാക്കളേയും അപമാനിക്കാനുള്ള ശ്രമമാണ് പോലീസ് ഇതിലൂടെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾക്കെതിരെ പോലീസ് ഇതുപോലെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.