താനൂർ കസ്റ്റഡിക്കൊലപാതകം; 'താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരിൽ കണ്ടു',ദൃക്സാക്ഷികൾ കോടതിയിൽ"




താനൂർ കസ്റ്റഡിക്കൊലപാതകം; 'താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരിൽ കണ്ടു',ദൃക്സാക്ഷികൾ കോടതിയിൽ"

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സിബിഐയുടെ നിർണ്ണായക നീക്കം_

പരപ്പനങ്ങാടി: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിൽ. താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരില്‍ കണ്ടുവെന്ന് ദൃക്സാക്ഷികൾ മജിസ്ട്രേറ്റിന് മൊഴി നൽകി. താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച നാലു പേരും ഡാൻസാഫ് വിട്ടയച്ച ഏഴംഗ സംഘത്തിൽപ്പെട്ട രണ്ടു യുവാക്കളുമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായത്. ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരാണ് മൊഴി നൽകിയത്.

എറണാകുളം സിബിഐ കോടതിയിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. നേരത്തെ സിബിഐ ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സിബിഐ ശേഖരിച്ചു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്.

അതിനിടെ താമിർ ജിഫ്രിയുടെ മരണ സർട്ടിഫിക്കറ്റ് താനൂർ മുൻസിപ്പാലിറ്റി ബന്ധുക്കൾക്ക് നൽകി. താനൂർ മൂലക്കൽ ആശുപത്രിയിലേക്ക് കൊണ്ട് വരുന്ന വഴിക്കാണ് മരണപ്പെട്ടതാണന്നാണ് രേഖയിൽ .

നേരത്തെ മരണ റിപ്പോർട്ട് നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല.

പോലീസ് ഭാഷ്യം അപ്പടി പകർത്താൻ തയ്യാറല്ലന്നായിരുന്നു മുൻസിപ്പാലിറ്റി അധികൃതരുടെ നിലപാട്.

എന്നാൽ ഇപ്പോൾ പോലീസിന്റെ വാദങ്ങൾ മുഖവിലക്കെടുത്ത് തന്നെയാണ് രേഖ നൽകിയതെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറയുന്നു.

താമിർ ജിഫ്രി കൊല്ലപെട്ടിട്ട് മൂന്ന് മാസം പിന്നിടാൻ ഇരിക്കെ പ്രതികളെ പിടികൂടാത്തതും , കുറ്റം മറക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതും വിവാദമായിരിക്കുകയാണ്.

ഔദ്യോഗിക തലത്തിൽ നടന്ന കസ്റ്റഡി കൊലപാതകത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടനെ ഹൈകോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Previous Post Next Post
WhatsApp