യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ; ചൂട് കുറയുന്നു
അബുദാബി: യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ നല്ലതും ഭാഗികമായി മേഘാവൃതവുമായിരിക്കും. ചൂട് പതിവിലും കുറവായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ട ശേഷം രാജ്യത്തെ ചൂട് താഴേക്ക് വരികയാണ്. വൈകാതെ യുഎഇ തണുപ്പിലേക്ക് കടക്കും.
ഇന്ന് രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. അബുദാബിയിലും ദുബൈയിലും ഇന്ന് താപനില കുറയും. കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസായി കുറയും. അബുദാബിയിൽ കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും ദുബൈയിൽ കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ മിതമായതോ ഒമാൻ കടലിൽ നേരിയതോ ആയ അന്തരീക്ഷമായിരിക്കും.