പരിശോധനയില്ലാതെ സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്; എ.എം.വി.ഐ.യെ സസ്പെൻഡ് ചെയ്തു; വ്യക്തിവിരോധം തീർക്കുന്നുവെന്ന് എ.എം.വി.ഐ.


പരിശോധനയില്ലാതെ സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്; എ.എം.വി.ഐ.യെ സസ്പെൻഡ് ചെയ്തു; വ്യക്തിവിരോധം തീർക്കുന്നുവെന്ന് എ.എം.വി.ഐ.


വിദ്യാർഥികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ട സ്കൂൾ വാഹനങ്ങൾക്ക് പരിശോധനകളൊന്നും നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തു. തിരൂരങ്ങാടി സബ് ആർ.ടി.ഒ. ഓഫീസിലെ എ.എം.വി.ഐ. കെ. സന്തോഷ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ട്രാൻസ്പോർട്ട് കമ്മിഷണർ ശ്രീജിത്ത് ഉത്തരവിറക്കിയത്.

ജൂൺ 12-ന് വാഹൻ സോഫ്റ്റ്വെയറിൽ കോട്ടയ്ക്കലിലെ രണ്ട് സ്കൂൾ ബസ്സുകൾക്ക് സന്തോഷ് കുമാർ ഫിറ്റ്നസ് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് പുനഃപരിശോധന നടത്തിയപ്പോൾ ഈ വാഹനങ്ങൾക്ക് ഗുരുതരമായ കുഴപ്പങ്ങൾ കണ്ടെത്തി. തുടർന്ന് ജോ. ആർ.ടി.ഒ. ഓഫീസിലെ എം.വി.ഐ. പുനഃപരിശോധന നടത്തുകയും അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ആദ്യം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ സമയത്ത് വാഹനങ്ങൾ പരിശോധനയ്ക്കായി ജോ. ആർ.ടി.ഒ. ഓഫീസിൽ കൊണ്ടുവരുകയോ എ.എം.വി.ഐ. കെ. സന്തോഷ്കുമാർ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തിയ എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണം നടത്തുന്നതിന് കോഴിക്കോട് റീജണൽ ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തിയതായും ഒരുമാസത്തിനകം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്.

♦️ വ്യക്തിവിരോധം തീർക്കുന്നുവെന്ന് എ.എം.വി.ഐ.;

ജോ. ആർ.ടി.ഒ. ഓഫീസിലെ ചില ഉദ്യോഗസ്ഥർ തന്നോടുള്ള വ്യക്തിവിരോധം തീർക്കുന്നതിനായി കെട്ടിച്ചമച്ച പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് സസ്പെൻഷൻ നേരിട്ട എ.എം.വി.ഐ. കെ. സന്തോഷ്കുമാർ പറഞ്ഞു. പരാതിയിൽ സൂചിപ്പിക്കുന്ന രണ്ട് സ്കൂൾ ബസ്സുകളും പരിശോധനയ്ക്കായി എത്തിയതിന്റെ തെളിവുകളും മറ്റുരേഖകളും അന്വേഷണസംഘത്തിന് സമർപ്പിച്ചിട്ടുണ്ട്. തുടരന്വേഷണം നടത്തുന്ന കമ്മിഷണർക്ക് മുൻപിലും ഇവ സമർപ്പിക്കുമെന്ന് സന്തോഷ്കുമാർ പ്രതികരിച്ചു.

Previous Post Next Post