കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു

തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി പി എം നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ രാവിലെ കസ്റ്റഡിയില്‍ എടുത്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍. കഴിഞ്ഞ ദിവസം അരവിന്ദാക്ഷനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.  അതിന് ശേഷം ഇ ഡി തന്നെ മര്‍ദ്ദിച്ചെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത സി പി എം നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് അരവിന്ദാക്ഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ഇ ഡി നിഷേധിക്കുകയായിരുന്നു.  ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ കൊച്ചി ഇ ഡി ഓഫീസില്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍ ബി ബിനു, കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ജില്‍സ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം.
Previous Post Next Post