'ആ കാഴ്ച മനസ്സ് നിറച്ചു, മുത്തം ഹൃദയം കുലുക്കി'; നബിദിന റാലിയിൽ നോട്ടുമാലയിട്ട ഷീനയെ കണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ
മലപ്പുറം - നബിദിന റാലിക്കിടെ ജാഥാനായകനായ കുട്ടിയെ നോട്ടുമാല അണിയിച്ച് കവിളിൽ മുത്തം നൽകി സമൂഹമാധ്യമങ്ങളിൽ താരമായ മലപ്പുറം വലിയാട് സ്വദേശിനി ഷീന വിനോദിനെയും കുടുംബത്തെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. വലിയൊരു പെട്ടി ചോക്കളേറ്റ് മിഠായിയുമായാണ് മുനവ്വറലി തങ്ങളും അദ്ദേഹത്തിന്റെ മകനും യൂത്ത് ലീഗ് സഹഭാരവാഹികൾക്കൊപ്പം ഷീനയുടെ വീട്ടിലെത്തിയത്.
ആ കാഴ്ച കണ്ട് മനസ് നിറഞ്ഞാണ് താൻ ഇവിടെ എത്തിയതെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. നോട്ടുമാല മാത്രമല്ല, അതിന് ശേഷമുള്ള ആ മുത്തം നമ്മുടെ ഹൃദയത്തെ വല്ലാതെ കുലുക്കി, മനസ്സിനെ വികാരഭരിതമാക്കിയിട്ടുണ്ട്. ആ ദൃശ്യങ്ങൾ മനസിന് വല്ലാത്ത സന്തോഷവും സമാധാനവും നൽകുന്നതായിരുന്നു. എന്റെ ഉമ്മയൊക്കെ ഇങ്ങനെയാണ് എന്നെ വളർത്തിയത്. ഞങ്ങളൊന്നും വിവേചനത്തോടെ ആരേയും കണ്ടിട്ടില്ല. ഇതൊക്കെ ആളുകൾ മറന്ന് പോകുന്നു. ഈ കാഴ്ചകൾ ഇന്ന് ആഘോഷിക്കപ്പെടാൻ കാരണം അത്തരം സൗഹൃദങ്ങൾ ഇല്ലാതാവുന്നതാണ്. അതെല്ലാം വീണ്ടെടുക്കാൻ ഇത്തരത്തിലുള്ള കാഴ്ചകളും പ്രവർത്തനങ്ങളും സമൂഹത്തിനിടയിൽ ഗൗരവത്തോടെ പ്രചരിപ്പിക്കേണ്ടതുണ്ട്. അതിന്റെ പ്രധാന്യം മനസിലാക്കിയാണ് ഇവിടെ വന്നതെന്നും തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ പലഭാഗങ്ങളിലും വെറുപ്പും വിദ്വേഷവും പടരുകയാണ്. ഇതിനിടയിൽ മലപ്പുറം മോഡലായി കാണിച്ച് കൊടുക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്. ഇതാണ് യഥാർത്ഥ കേരളം, ഇതാണ് മലപ്പുറത്തെ സ്‌നേഹമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മലപ്പുറത്ത് ഇത്തരം ഒരുപാട് നൻമകളുണ്ടെന്നും ഇപ്പോൾ ഇത് ആഘോഷിക്കപ്പെടാൻ കാരണം കേരളത്തെ കുറിച്ചും മലപ്പുറത്തെ കുറിച്ചുമെല്ലാം തെറ്റായ പ്രചരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതിനാലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടഫി പി.കെ ഫിറോസ് പറഞ്ഞു. ഇതാണ് കേരളം, ഇതാണ് മലപ്പുറം എന്ന് ലോകത്തെ അറിയിക്കാനാണ് ഇത്തരം നൻമകളെ പ്രചരിപ്പിക്കാൻ തീരുമാനിച്ചതെന്നും ഫിറോസ് പറഞ്ഞു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവും മുനവ്വറലി തങ്ങളോടൊപ്പമുണ്ടായിരുന്നു. കുട്ടി ക്യാപ്റ്റൻ ഹാദി ഷാമിലും ഷീനയുടെ വീട്ടിൽ സന്തോഷത്തിൽ പങ്കാളിയാകാൻ എത്തിയിരുന്നു.
മലപ്പുറം കോഡൂർ വലിയാട് തദ്‌രീസുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലിക്കിടെയാണ് ഷീന തനിക്കു ലഭിച്ച ആദ്യ ശമ്പളം നോട്ടുമാലയായി ജാഥാക്യാപ്റ്റന്റെ കഴുത്തിലണിഞ്ഞ് മുത്തം നൽകിയത്. ഹൃദയസ്പർശിയായ ആ കാഴ്ചയ്ക്ക് സമൂഹമാധ്യങ്ങളിൽ നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. എന്നാൽ, ഇതൊരു വലിയ സംഭവമായി തോന്നുന്നില്ലെന്നായിരുന്നു ഷീനയുടെ പ്രതികരണം. ഇതൊക്കെ നമ്മുടെ മക്കളാണ്. ഞങ്ങളൊക്കെ അങ്ങനെ വളർന്നവരാണ്. ഇതൊരു സംഭവമാണെന്ന് തോന്നുന്നില്ലെന്നും ഷീന പറഞ്ഞു.