സുധാകരനുമായി തർക്കമുണ്ടായിരുന്നുവെന്ന് വി.ഡി സതീശൻ, മൈക്കിനുള്ള പിടിവലിയിൽ വിശദീകരണം
കൊച്ചി- കെ.പി.സി.സി പ്രസിഡന്റുമായി തർക്കമുണ്ടായിരുന്നുവെന്നും എന്നാൽ അത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് ഡി.സി.സി ഓഫീസിൽ വെച്ച് കെ.പി.സി.സി അധ്യക്ഷനുമായി തർക്കമുണ്ടായിരുന്നു. അത് പുതുപ്പള്ളിയിൽ 40,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് ഞാൻ പറയുമെന്ന് സുധാകരൻ പറഞ്ഞു. ഒരു കാരണവശാലും അങ്ങിനെ പറയരുതെന്ന് ഞാൻ സുധാകരനോട് പറഞ്ഞു. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പത്രസമ്മേളനത്തിന് ഒടുവിൽ അദ്ദേഹം അക്കാര്യം പറയുകയും ചെയ്തു. ഇതു പറയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ അമർത്തിപ്പിടിക്കുന്നുണ്ടായിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് എനിക്ക് മാത്രം ചാർത്തി തരുന്നതിൽ അനൗചിത്യമുണ്ടെന്നും സതീശൻ പറഞ്ഞു.