ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ! ക്യാമ്പുകളിലെ ഭക്ഷണത്തിന് എട്ടും വസ്ത്രത്തിന് 11ഉം കോടി ചെലവ്; വയനാട് ദുരന്തത്തിൽ ചെലവിട്ട കണക്കുകളുടെ വിശദാംശങ്ങൾ പുറത്ത് -
തിരുവനന്തപുരം: കേരളത്തിന്റെ തീരാ നോവായി മാറിയ വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് അടക്കം സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്.

ഒരു മൃതദേഹം സംസ്കരിക്കാന് 75,000 രൂപയാണ് ചെലവായത്. ഇതനുസരിച്ച് 359 മൃതദേഹങ്ങൾ സംസ്കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടതായാണ് കണക്കിലുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വന്ന വളണ്ടിയർമാർക്ക് ടോർച്ച്, അംബ്രല്ല, റെയിൻകോട്ട്, ഗംബൂട്ട് എന്നിവയടങ്ങിയ യൂസേഴ്സ് കിറ്റ് നൽകിയ വകയിൽ 2 കോടി 98 ലക്ഷം രൂപ ചെലവഴിച്ചു. വളണ്ടിയർമാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവായി.
സൈനികർക്കും വളണ്ടിയർമാർക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടിയും ഇവരുടെ താമസത്തിനായി 15 കോടി രൂപയും ചെലവഴിച്ചതായും കണക്കുകളിലുണ്ട്. വളണ്ടിയർമാർക്കും സൈനികർക്കും ചികിത്സാ ഇനത്തിൽ രണ്ടു കോടി രണ്ടു ലക്ഷം രൂപയും, വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രം വാങ്ങാനായി 11 കോടി രൂപയും ചെലവായതായി സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ചൂരൽമലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൂന്നു കോടിയും ചെലവഴിച്ചു. ബെയ്ലി പാലത്തിന്റെ കല്ലുകൾ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികൾക്ക് ഒരു കോടിയാണ് ചെലവ്. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ ചെലവിനത്തിൽ എട്ടു കോടിയും ക്യാമ്പുകളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച ഇനത്തിൽ ഏഴു കോടി രൂപയും ചെലവിട്ടു.

ഡ്രോൺ, റഡാർ വാടകയ്ക്കായി മൂന്നു കോടി ചെലവായി. ഡി.എൻ.എ പരിശോധനയ്ക്കായി മൂന്നുകോടിയും ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻസ് തുടങ്ങിയ യന്ത്രങ്ങൾക്കായി 15 കോടി രൂപയും ചെലവഴിച്ചു. എയർ ലിഫ്റ്റിങ് ഹെലികോപ്ടറിന് 17 കോടിയും ദുരിതാശ്വാസ നിധിയിൽനിന്നും ചെലവാക്കി. കൃഷിനാശമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപോർട്ടിലുണ്ട്.
