ഉംറ വിസകാലാവധി പുതുക്കി നിശ്ചയിച്ചു, ഇനി മുതൽ കാലാവധി കണക്കാക്കുക ഇഷ്യു ചെയ്യുന്ന ദിവസം മുതൽ
ജിദ്ദ: ഉംറ വിസകാലാവധി പുതുക്കി നിശ്ചയിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഇതോടെ, ഇനി മുതൽ ഉംറ വിസ കാലാവധി കണക്കാക്കുക ഇഷ്യു ചെയ്യുന്ന ദിവസം ആയിരിക്കും. നിലവിൽ ഉംറ വിസക്കാർ സഊദിയിൽ പ്രവേശിക്കുന്ന ദിവസം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കിയിരുന്നത്.
മൂന്ന് മാസക്കാലം തന്നെയായിരിക്കും ഉംറ വിസ കാലാവധി. അതെ സമയം, ഏതു ദിവസം ഇഷ്യു ചെയ്തതാണെങ്കിലും കാലാവധി അവസാനിക്കുന്ന ദിവസം എല്ലാ വർഷവും ദുൽഖഅ്ദ 15 ആയും നിശ്ചയിച്ചിട്ടുണ്ട്.
വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ ഒഴുക്ക് ആരംഭിക്കുന്നത് കണക്കിലെടുത്താണ് ഹജ്, ഉംറ മന്ത്രാലയവും വിദേശ മന്ത്രാലയവും ഏകോപനം നടത്തി ഉംറ വിസാ കാലാവധി അവസാനിക്കുന്ന ദിവസം ദുൽഖഅ്ദ 15 ആയി നിർണയിച്ചത്. നേരത്തെ ദുൽഖഅ്ദ 29 വരെ കാലാവധി അനുവദിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ദിവസം പതിനാലു ദിവസം നേരത്തെയാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പുതിയ അപേക്ഷ സ്വീകരിക്കുന്നതും നേരത്തെയാക്കിയിട്ടുണ്ട്. ഇനി മുതൽ എല്ലാ വർഷവും ദുൽഹജ് 15 മുതൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയും.