ദേശീയപാതയിൽ നിന്നും റോഡില്ല; കാച്ചടി സ്കൂളിലെ പോളിംഗ് ബൂത്തിലെത്താൻ കിലോമീറ്ററുകൾ താണ്ടണം.
ദേശീയപാത 66 നവീകരണത്തോടനുബന്ധിച്ച് കുഴിയെടുത്തതോടെ കരുമ്പിൽ പ്രദേശത്തെ രണ്ടായിരത്തോളം വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ എത്താൻ ദുരിതം പേറേണ്ടിവരും. തിരൂരങ്ങാടി നഗരസഭയിലെ കാച്ചടി പി എം എസ് എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന പോളിംഗ് ബൂത്തിലെത്താനുള്ള റോഡിലേക്ക് പ്രവേശിക്കാനാകാത്തതാണ് പ്രതിസന്ധിക്കിരയാക്കിയിരിക്കുന്നത്. തിരൂരങ്ങാടി നഗരസഭയിലെ 13, 17 , 20 ഡിവിഷനുകളിൽ പെടുന്ന കരുമ്പിൽ, കാച്ചടി പ്രദേശങ്ങളിലെ വോട്ടർമാർക്കാണ് ഇതുമൂലം കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരിക. നേരത്തെ ഉണ്ടായിരുന്ന റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ പറ്റാത്ത വിധം സർവീസ് റോഡിന് സമീപം വലിയ കുഴിയെടുത്തതോടെയാണ് സ്കൂളിലേക്കുള്ള വഴിയടഞ്ഞത്. കരുമ്പിൽ സലഫി മസ്ജിദിന് സമീപത്തു നിന്നും ദേശീയപാതയിലെ പുതിയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ഈ റോഡിൽ കയറിയാലും കാച്ചടി സ്കൂളിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ മൂന്ന് കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കണം. കുഴിയെടുത്ത് ഭാഗത്ത് താൽക്കാലിക സംവിധാനം ഒരുക്കി വോട്ടെടുപ്പ് ദിവസം വാഹനങ്ങൾക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിലെ ദുരിതത്തിലൂടെ ഏറെ ദൂരം നടന്ന് വോട്ട് ചെയ്യാനില്ലെന്ന് സ്ത്രീകളും പ്രായമായവരും നിലപാടെടുത്തത് രാഷ്ട്രീയ പാർട്ടികളെയും പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.