📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; വളാഞ്ചേരിയിൽ സ്ഥിരം ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്ന് നഗരസഭ

📢 Published: IST 🔄 Updated: IST

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; വളാഞ്ചേരിയിൽ സ്ഥിരം ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്ന് നഗരസഭ

Reporter: Online Desk | Published: 03 November 2026, 06:45 PM | Updated: 03 November 2026, 06:45 PM
03 നവംബർ 2026
⬤ KARUMBIL LIVE
വളാഞ്ചേരി നഗരസഭയുടെ പ്രമേയം സംബന്ധിച്ച യോഗം

ട്രാഫിക്ക് യൂണിറ്റിനായി ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റും അനുബന്ധ സ്ഥലവും വിട്ടുനൽകാൻ തയ്യാറാണെന്ന് നഗരസഭാ കൗൺസിൽ

📷 ചിത്രം: വളാഞ്ചേരി നഗരസഭയുടെ ട്രാഫിക് യൂണിറ്റ് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്നു

വളാഞ്ചേരി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വളാഞ്ചേരിയില്‍ സ്ഥിരം ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. കൗൺസിലർ മുജീബ് വാലാസി അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ പിന്താങ്ങി.

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ വളാഞ്ചേരിയിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയിലേക്കുള്ള പ്രധാന പ്രവേശന കവാടമെന്ന നിലയിലും, പാലക്കാട് ജില്ലയോട് ചേർന്നുകിടക്കുന്ന പ്രമുഖ നഗരമെന്ന നിലയിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പുതിയ ദേശീയപാതയുടെ വരവോടെ മുക്കിലപ്പീടികയിൽ എക്സിറ്റ് അനുവദിച്ചതുമുതൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി നിരവധി യാത്രക്കാരാണ് നഗരത്തിലൂടെ വാഹനങ്ങളുമായി സഞ്ചരിക്കുന്നത്.

തിരക്കേറിയ സമയങ്ങളിലെ വാഹനപ്പെരുപ്പവും നഗരത്തിലെ അനധികൃത പാർക്കിംഗും കാരണം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന അതിഭയങ്കരമായ ഗതാഗതക്കുരുക്കാണ് വളാഞ്ചേരിയിൽ പതിവായിരിക്കുന്നത്. ഇത് നഗരവാസികൾക്കും ഇതുവഴി യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്കും, രോഗികളുമായി പോകുന്ന ആംബുലൻസുകൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ ഗുരുതരമായ പ്രശ്നം മുൻനിർത്തി കോട്ടക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി, കോട്ടക്കലിലോ വളാഞ്ചേരിയിലോ ഏതെങ്കിലും ഒരിടത്ത് ട്രാഫിക് യൂണിറ്റ് അനുവദിക്കാമെന്ന് ആഭ്യന്തര വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വളാഞ്ചേരി നഗരത്തിലെ നിലവിലുള്ള അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിന് ഈ ട്രാഫിക് യൂണിറ്റ് വളാഞ്ചേരിയിൽ തന്നെ സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ട്രാഫിക്ക് യുണിറ്റ് അനുവദിച്ചാൽ നഗരസഭാ ബസ് സ്റ്റാൻഡിനകത്തുള്ള പോലീസ് എയ്ഡ് പോസ്റ്റും അനുബന്ധ റൂമും സ്ഥലവും യൂണിറ്റിനാവശ്യമായി സജ്ജമാക്കാൻ നഗരസഭ തയ്യാറാണ്. വളാഞ്ചേരിയുടെ വർദ്ധിച്ചുവരുന്ന ഗതാഗതപ്രശ്നങ്ങൾക്ക് അറുതിവരുത്തുന്നതിനായി ഇവിടെ എത്രയും പെട്ടെന്ന് ഒരു ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും നഗരസഭാ കൗൺസിൽ യോഗം ശക്തമായി ആവശ്യപ്പെട്ടു.

English Summary

The Valanchery Municipal Council has unanimously passed a resolution demanding the allocation of a permanent traffic unit to resolve the severe traffic congestion in the city. Councilor Mujeeb Valasi presented the resolution. Citing the heavy influx of vehicles heading towards Perinthalmanna and the newly opened NH exit at Mukkilapeedika, the council emphasized the urgent need for a traffic unit in Valanchery. The municipality has also offered to provide the existing Police Aid Post and adjacent space inside the bus stand to set up the unit.

Join WhatsApp Group Send News / Ads