കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ സ്മരണാർത്ഥം എസ്.ടി ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രശസ്തമായ '2026-ലെ പ്രേം നസീർ അവാർഡ്' പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും KCF ചാരിറ്റി ഫൗണ്ടേഷൻ കേരള ചെയർമാനുമായ അബ്ദുൽ റസാക്ക് മാളിയേക്കലിന് ലഭിച്ചു. കോഴിക്കോട് ചരിത്ര പ്രസിദ്ധമായ കെ.പി കേശവമേനോൻ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് റിട്ട. ജഡ്ജി കൃഷ്ണൻകുട്ടിയിൽ നിന്നാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.
ഭിന്നശേഷി ശാക്തീകരണം, മികച്ച സാമൂഹിക സേവനം, സാമൂഹിക ഉൽബോധനം എന്നീ മേഖലകളിൽ കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെയായി അദ്ദേഹം നടത്തി വരുന്ന നിസ്വാർത്ഥവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ വലിയ അംഗീകാരം നൽകിയത്. പ്രശസ്ത സംവിധായകൻ പി.കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ കെ.പി സുനിൽ, സിനിമാ-സാംസ്കാരിക പ്രവർത്തകരായ പ്രേംകുമാർ വടകര, ഖാനേഷ് പുനൂർ, എസ്.ടി ഫിലിം സൊസൈറ്റി പ്രസിഡണ്ട് ബാലു സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വി.എം ചന്ദ്രിക സ്വാഗതവും കുമാരി നടുവിൽ നന്ദിയും പറഞ്ഞു.
ഗ്രാമത്തിൽ നിന്ന് ലോക ശ്രദ്ധയിലേക്ക്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, ലോക പ്രശസ്തമായ ഇരട്ടകളുടെ നാടായ കൊടിഞ്ഞി ഉൾപ്പെടുന്ന നന്നമ്പ്ര തയ്യാലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിലാണ് അബ്ദുൽ റസാക്ക് മാളിയേക്കലിന്റെ ജനനം. മാളിയേക്കൽ കുഞ്ഞിബാവയുടെയും നാകുന്നത്ത് ഫാത്തിമയുടെയും മകനായ അദ്ദേഹം സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വളർന്നുവന്നത്. കേരളത്തിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 'KCF, ഒരു കൈത്താങ്ങ്, ഒരു പുതുജീവിതം' എന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുത്തതിലൂടെയാണ് അബ്ദുൽ റസാക്ക് ശ്രദ്ധേയനായത്. ഈ അവാർഡ് തന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും, തന്നെ സഹായിക്കുന്ന എല്ലാ KCF കൂട്ടുകാർക്കും ഈ നേട്ടം സമർപ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Renowned social worker and KCF Charity Foundation Kerala Chairman, Abdul Razak Maliyekkal, has been awarded the prestigious Prem Nazir Award 2026 by the ST Film Society. He received the award from Retd. Judge Krishnankutty at a ceremony held at the KP Kesava Menon Hall in Kozhikode. Hailing from Nannambra, Malappuram, Razak was honored for his decade-long exemplary contributions to the empowerment of the differently-abled and his outstanding social service initiatives across Kerala.