കേരളത്തിൽ വീണ്ടും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

ഓൺലൈൻ ഡെസ്ക് | 12-08-2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കരയിലും കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂനമർദ്ദവും തുടരുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും.

നാളെയും മറ്റന്നാളും നിലവിലുള്ളതിനെക്കാൾ കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തമാകാനാണ് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 13ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

മഴയ്ക്കൊപ്പം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ചില തീരങ്ങളിൽ ഓഗസ്റ്റ് 13ന് പുലർച്ചെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത വേണ്ടത്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.


English Summary: The India Meteorological Department (IMD) has warned of heavy rains in Kerala due to intensifying low-pressure systems in the Bay of Bengal and Madhya Pradesh. Yellow alerts are issued for several districts. Additionally, a 'Kallakkadal' (swell surge) warning is in effect for the coastal areas, advising fishermen and coastal residents to exercise extreme caution and avoid venturing into the sea until the warning is withdrawn.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp