പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ
ഓൺലൈൻ ഡെസ്ക് | 12-08-2026
പ്രവാസികേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്നു. എൻറോൾമെന്റിന്റെയും ഇതിനായുളള പോർട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്.
2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം. 2026 ഏപ്രിൽ 15 ന് പ്രാബല്യത്തിൽ വന്ന നോർക്ക കെയർ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രിൽ 14 വരെ) ഈ ഘട്ടത്തിൽ എൻറോൾമെന്റ് അനുവദിക്കുന്നത്. പ്രീമിയത്തിലും ഇതിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള 7 വിവിധ സ്ലാബുകളിലാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നത്.
18 മുതൽ 70 വയസ്സുവരെയുളള സാധുവായ നോർക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എൻ.ആർ.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയർക്കാണ് എൻറോൾ ചെയ്യാനാകുക. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉൾപ്പെടുത്താനാകും എന്ന പ്രത്യേകതയുമുണ്ട്.
നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദർശിച്ചോ നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ) വഴിയോ പ്രവാസികൾക്ക് എൻറോൾ ചെയ്യാവുന്നതാണ്. കേരളത്തിലെ 688 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലായി 138 രാജ്യങ്ങളിൽ നിന്നുളള 1,62,000 ത്തോളം പ്രവാസികുടുംബങ്ങളാണ് ഇതുവരെ എൻറോൾ ചെയ്തത്. 2026 ജൂലൈ 31 വരെ 31,660 പോളിസി ഉടമകൾക്ക് 227 കോടി രൂപ ക്ലെയിം ഇനത്തിൽ നൽകിക്കഴിഞ്ഞു. 99.38% ക്ലയിമുകളും തീർപ്പാക്കി എന്ന മികച്ച നേട്ടത്തോടെയാണ് നോർക്ക കെയർ പ്ലസ്സ് രണ്ടാംഘട്ട എൻറോൾമെന്റിലേയ്ക്ക് കടക്കുന്നത്.
English Summary: Norka Care Plus second phase enrollment for Non-Resident Keralites (NRKs) will begin on August 18, 2026. The scheme offers comprehensive health and accident insurance coverage up to Rs. 1 Crore across 7 various slabs. Eligible expats can enroll until September 18, 2026, via the Norka Roots website or mobile app.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in