(കണ്ണൂർ): സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്കെതിരെ രൂക്ഷമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി മുതിർന്ന നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഫണ്ടിൽ നിന്ന് 46 ലക്ഷത്തോളം രൂപ നേതാക്കൾ തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ.
തട്ടിപ്പിന്റെ കണക്കുകൾ:
2016-ൽ കൊല്ലപ്പെട്ട ധൻരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്നാണ് തിരിമറി നടന്നത്. താൻ ഏരിയ സെക്രട്ടറിയായിരിക്കെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.
- രക്തസാക്ഷിയുടെ വീട് നിർമ്മാണത്തിനായി 34.25 ലക്ഷം രൂപ ചെലവായെന്നാണ് കണക്കിൽ കാണിച്ചത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ 29.25 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ബാക്കി 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി കെ.പി. മധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി.
- യാതൊരു വിശദീകരണവുമില്ലാതെ മറ്റൊരു 2 ലക്ഷം രൂപയും ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയി.
- ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിനായി 40 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്ന് വകമാറ്റി. എന്നാൽ കെട്ടിടത്തിന് പ്രത്യേക ഫണ്ട് ഉണ്ടായിരുന്നു.
നേതൃത്വത്തിന് അറിവുണ്ട്:
പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ എന്നിവരെ അറിയിച്ചിരുന്നെങ്കിലും എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. തെളിവുകൾ സഹിതം പരാതി നൽകിയ തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.