ദീപക്കിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന ഷിംജിത വടകരയിൽ അറസ്റ്റിൽ


കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ പ്രതിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു.

​വടകരയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.

​ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കൂടാതെ, വീഡിയോ പ്രചരിപ്പിക്കാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി പരിശോധന നടത്തുന്നതും അന്വേഷണത്തിൽ നിർണ്ണായകമാണ്.

​ഷിംജിത സമർപ്പിച്ച മുൻകൂർ ജാമ്യഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കും.

​കൂടുതൽ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി കരുമ്പിൽ ലൈവ് (Karumbil Live) ഫോളോ ചെയ്യുക.




Previous Post Next Post
WhatsApp