സംസ്ഥാന ഭിന്നശേഷി അവാര്‍ഡില്‍ തിളങ്ങി മലപ്പുറം
സംസ്ഥാന ഭിന്നശേഷി അവാര്‍ഡില്‍ അവാര്‍ഡില്‍ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തില്‍ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ആറു സംസ്ഥാന അവാര്‍ഡുകള്‍ തലസ്ഥാനത്ത് വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ അവാര്‍ഡ് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷീബ മുംതാസ്, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ അസീസ്, എസ്.ഐ.ഡി കോഡിനേറ്റര്‍ ജിന്‍ഷ, കെ സി അബൂബക്കര്‍ എന്നിവര്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അഥീലാ അബ്ദുള്ള, സാമൂഹ്യനീതി ഡയറക്ടര്‍ മിഥുന്‍ പ്രേംരാജ് എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
ഭിന്നശേഷിക്കാര്‍ക്കുള്ള ആംഗ്യ ഭാഷയിലെ പ്രത്യേക പി.എസ്.സി കോച്ചിങ്, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിനടുത്തും മലപ്പുറം ജില്ല ആര്‍.ടി.ഒ ഓഫീസിലുമായി ഭിന്നശേഷിക്കാര്‍ നടത്തുന്ന പ്രത്യേക ടീവെന്റിങ് ആക്‌സസ് കഫെകള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നല്‍കിയ ജില്ല, സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഭിന്നശേഷിക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ നല്‍കിയ ജില്ല, ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സഹായിക്കാനായി കെയര്‍ വോളണ്ടിയര്‍മാര്‍, സിവില്‍ സ്റ്റേഷനിലെ ബാരിയര്‍ ഫ്രീ ഓഫീസുകള്‍, 74ല്‍ പരം ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും, ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സഹജീവനം പൈലറ്റ് പ്രോജക്ട്, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് അതിജീവനം മൊബിലിറ്റി മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആംഗ്യഭാഷ ട്രെയിനിങ്, ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതി പരിഹാര ഓഫീസര്‍മാര്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മലപ്പുറം ജില്ല അഡ്മിനിസ്‌ട്രേഷന് സംസ്ഥാന അവാര്‍ഡ് നല്‍കിയത്.