പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; അപകടം ഹണിമൂൺ കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങുന്നതിനിടെ
അനുവിനെയും നിഖിലിനെയും കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. മടങ്ങിവരുന്നതിനിടെ കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. കൂടൽമുറിഞ്ഞകല്ലിൽ പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നു ഇവർ.
അനുവിന്‍റെയും നിഖിലിന്‍റെയും വിവാഹം നവംബർ അവസാനമാണ് കഴിഞ്ഞത്. മലേഷ്യയിൽ ഹണിമൂണിന് പോയതായിരുന്നു ഇവർ. മത്തായി ഈപ്പനും ബിജു ജോർജും ഇവരെ കൂട്ടാൻ എയർപോർട്ടിലേക്ക് പോയതാണ്. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്.
മടക്കയാത്ര വീടിന് അടുത്തെത്താറായപ്പോഴാണ് കാർ ബസുമായി കൂട്ടിയിടിച്ചത്. ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന മൂന്ന പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. അനു ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി.
പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.