📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ

📢 Published: IST 🔄 Updated: IST

പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ


periya twin murder case

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി. ജനുവരി മൂന്നിന് കോടതി ശിക്ഷ വിധിക്കും. കേസിൽ 10 പ്രതികളെ കോടതി കുറ്റമുക്തരാക്കുകയും ചെയ്തു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കുഞ്ഞിരാമൻ 20ാം പ്രതിയാണ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ 20 മാസം സമയമെടുത്താണ് സിബിഐ കോടതി വിചാരണ പൂർത്തിയാക്കിയത്. എല്ലാ പ്രതികളും സിപിഎം നേതാക്കളും പ്രവർത്തകരും ആണ്.

2019 ഫെബ്രുവരി 17-നാണ് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും (19) ശരത്ത്‌ലാലിനെയും (23) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും വിചാരണ തുടങ്ങുന്നതിനു മൻപേ കേസ് ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.


സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരും പ്രതികളാണ്. എ.പീതാംബരനുൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐ സംഘവുമാണ് അറസ്റ്റ് ചെയ്തത്.


2021 ഡിസംബർ 3നാണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത്. 2023 ഫെബ്രുവരി 2ന് കേസിന്റെ വിചാരണ നടപടികൾ കൊച്ചി സിബിഐ കോടതിയിൽ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസിൽ 154 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ആഴ്ചയിൽ 4 ദിവസവും പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവച്ചതുകൊണ്ടാണ് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്.

Join WhatsApp Group Send News / Ads