ക്ലാസിക്കോയില്‍ ബാഴ്‌സ, കിരീടം കൈയെത്തും ദൂരെ..
മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ ഈ സീസണിലെ അവസാന ക്ലാസിക്കോയില്‍ റയല്‍ മഡ്രീഡിനെതിരെ തിരിച്ചുവന്ന് ബാഴസലോണ ജയം പിടിച്ചു. 12 റൗണ്ട് ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ റയലിനെക്കാള്‍ 12 പോയന്റിന്റെ ലീഡ് സ്വന്തമാക്കിയ ബാഴ്‌സലോണ നൗകാമ്പില്‍ വിജയം ആഘോഷിച്ചു. ലിയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ ലീഗ് കിരീടം ബാഴ്‌സലോണക്ക് കൈയെത്തും ദൂരെയാണ്.
റൊണാള്‍ഡ് അരോഹോയുടെ സെല്‍ഫ് ഗോളില്‍ പിന്നിലായ ബാഴ്‌സലോണക്ക് ഇഞ്ചുറി ടൈമില്‍ ഫ്രാങ്ക് കെസിയാണ് 2-1 വിജയം നേടിക്കൊടുത്തത്. തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും വീഡിയൊ റിവ്യൂയാണ് ബാഴ്‌സലോണയെ രക്ഷിച്ചത്. 81ാം മിനിറ്റില്‍ മാര്‍ക്കൊ അസന്‍സിയോയുടെ ഗോള്‍ ഓഫ്‌സൈഡിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച 87ാം മിനിറ്റില്‍ അത്‌ലറ്റിക് ബില്‍ബാവോയുടെ ഇനാകി വില്യംസ് നേടിയ ഗോളും 'വാര്‍' നിഷേധിച്ചിരുന്നു.
റയലിന് കിരീടം നിലനിര്‍ത്തണമെങ്കില്‍ ബാഴ്‌സലോണക്കെതിരെ വിജയം അനിവാര്യമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ഭാഗ്യം അവരെ കടാക്ഷിക്കുകയും ചെയ്തു. വിനിസിയൂസ് ജൂനിയറിന്റെ പുറത്തേക്കു പോവുകയായിരുന്ന ക്രോസ് അരോഹൊ അസാധ്യ ആംഗിളില്‍നിന്ന് സ്വന്തം പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. 45ാം മിനിറ്റില്‍ സെര്‍ജി റോബര്‍ടൊ ഗോള്‍ മടക്കി.
മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് റയലിനെ ബാഴ്‌സലോണ തോല്‍പിക്കുന്നത്. കോപ ഡെല്‍റേ സെമി ഫൈനലിന്റെ സാന്റിയാഗൊ ബെര്‍ണബാവുവിലെ ആദ്യ പാദത്തില്‍ ബാഴ്‌സലോണ 1-0 ന് ജയിച്ചിരുന്നു. റിട്ടേണ്‍ ലെഗ് നൗകാമ്പില്‍ ഏപ്രില്‍ അഞ്ചിനാണ്.
പ്ലേമേക്കര്‍ പെഡ്രിയും ഫോര്‍വേഡ് ഉസ്മാന്‍ ദെംബെലെയുമില്ലാതെയാണ് ബാഴ്‌സലോണ ജയം നേടിയത്.