ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരൻ ഒളിവിൽ
കോഴിക്കോട് - ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മെഡിക്കൽ കോളജിലെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ കഴിഞ്ഞദിവസമാണ് സംഭവം. അറ്റൻഡറാണ് പീഡനത്തിന് പിന്നിലെന്നും ഒളിവിൽ പോയ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ.സി.യുവിൽ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായതെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. യുവതിയെ സർജിക്കൽ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയുടെ അടുത്തേക്ക് അറ്റൻഡർ നീങ്ങിയത്. ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്‌സിനോടും വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ബന്ധുക്കളിൽനിന്നും ആശുപത്രി അധികൃതരിൽനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും മെഡിക്കൽ കോളജ് പോലീസ് പ്രതികരിച്ചു.