ആറുവരിപ്പാതയിൽ നിയമലംഘനം: യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ |
ഓൺലൈൻ ഡെസ്ക് | 17-09-2026
കുളപ്പുറം: ആറുവരിയായ ദേശീയപാതയുടെ വിവിധ സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും, ബസ് സർവീസുകളുടെ കാര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ യാത്രക്കാരെ ദേശീയപാതയിൽ തന്നെ ഇറക്കിവിടുന്നതായാണ് വ്യാപകമായി പരാതി ഉയരുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഹൈവേയിൽ ഇറങ്ങേണ്ടി വരുന്നതോടെ സുരക്ഷിതമായി പുറത്തേക്ക് എത്താൻ കിലോമീറ്ററുകൾ നടക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പരാതിയുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇത്തരം യാത്രക്കാർ നേരിടുന്ന അപകടസാധ്യത ഏറെ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആറുവരിപ്പാതയിൽ അനധികൃതമായി വാഹനം നിർത്തുന്നതിനും യാത്രക്കാരെ കയറ്റിറക്കുന്നതിനും സംവിധാനമില്ലാത്ത സാഹചര്യത്തിൽ, സർവീസ് റോഡ് ഒഴിവാക്കി പ്രധാന പാതയിലൂടെ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്നത് സംബന്ധിച്ച് അധികൃതർ കർശന പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇന്നലെ വൈകിട്ട് കുളപ്പുറത്ത്, ആറുവരിപ്പാതയിൽ തന്നെ യാത്രക്കാരെ ഇറക്കിവിട്ട് സ്വകാര്യ ബസ് മുന്നോട്ടുപോയ സംഭവവും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചോദ്യമുയർത്തിയിരിക്കുകയാണ്.
ദേശീയപാതയിൽ അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കിവിടുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളും നിർബന്ധമായും നിശ്ചിത സർവീസ് റോഡുകളും അംഗീകൃത ബസ് സ്റ്റോപ്പുകളും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. കോഴിക്കോട് ഡിടിസിയുടെ ഉത്തരവുപ്രകാരമുള്ള പെട്രോളിങ് ശക്തമാക്കണമെന്നും ഹൈവേ ഇൻഫോയിസ്മെന്റ് പെട്രോളിങ് കർശനമാക്കണമെന്നും മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ എന്നിവർ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ്, പോലീസ്, ദേശീയപാത അധികൃതർ എന്നിവർ സംയുക്തമായി പരിശോധന ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാരിൽ നിന്നും ഉയർന്നിട്ടുണ്ട്.
ഫോട്ടോ: ഇന്നലെ വൈകുന്നേരം ആറുവരിപ്പാതയിൽ ആളുകളെ ഇറക്കി പോകുന്ന സ്വകാര്യ ബസ്
English Summary: Private buses are risking passenger lives by dropping them off on the new six-lane highway in Kulappuram instead of using the designated service roads. Passengers, including women and the elderly, are forced to walk kilometers to safety, posing severe risks especially at night. The Motor Accident Prevention Society (MAPS) has filed a complaint demanding strict action against violators and enhanced patrolling by authorities.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838