| ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകുന്നു |
നഗരസഭയിലെ പുതുതായി നിർമിച്ച വടക്കേ മമ്പുറം റോഡ് 6 മാസങ്ങൾക്കകം തകർന്നു; നാട്ടുകാർ പരാതി നൽകി
ഓൺലൈൻ ഡെസ്ക് | 18-07-2026
തിരൂരങ്ങാടി: നഗരസഭാ പരിധിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് അടുത്തിടെ നിർമാണം പൂർത്തിയാക്കിയ മിക്ക റോഡുകളും തകർന്നു തരിപ്പണമാവുകയാണ്. പ്രവൃത്തി ആരംഭിച്ച് ആറുമാസം പോലും തികയുന്നതിന് മുൻപ് വൻ കുഴികളായി മാറിയിരിക്കുകയാണ് വടക്കേ മമ്പുറം റോഡ്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നു.
ഗുണനിലവാര പരിശോധനയും സമഗ്ര സാങ്കേതിക പരിശോധനകളും നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അബ്ദുൽ റഹീം പൂക്കത്ത്, ഫാറൂഖ് പാലോക്കിൽ, കൗൺസിലർ അബ്ദുള്ളക്കുട്ടി സി.ടി, നിസാർ കടവത്ത്, സഹീർ മച്ചിങ്ങൽ, ഷംലിക്ക് പി.വി.പി എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറി എംസി റംസി ഇസ്മായിലിന് റോഡ് പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകി.
പതിനാറുങ്ങൽ സ്റ്റേഡിയം മുതൽ വടക്കേ മമ്പുറം പള്ളിപ്പടി വരെയുള്ള 1000 കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള 16 ഇറിഗേഷൻ റോഡാണ് മാസങ്ങൾ കൊണ്ട് തകർന്നത്. 17 വർഷം മുമ്പ് ടാറിങ് ചെയ്ത പ്രവർത്തിയായിരുന്നു ഇത്. വളരെ നാളത്തെ നിരന്തരമായ ആവശ്യങ്ങൾക്ക് ശേഷമാണ് രണ്ടര കി.മി റോഡ് പ്രവൃത്തി മൂന്ന് ഫണ്ടുകളിലൂടെയായി ആരംഭിച്ചത്. ഏറ്റവും അവസാനം ഇലക്ഷനോടനുബന്ധിച്ച് ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ തകർന്നത്. ഇതേ റോഡിൻറെ ബാക്കി ഭാഗം ഇനിയും ഫണ്ടില്ലാതെ കിടക്കുകയുമാണ്.
സമീപകാലത്ത് നിർമിച്ച നിരവധി റോഡുകളിൽ ടാർ കുറവാണെന്ന് ഈയിടെ ഇന്റർണൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി വിജിലൻസ് മലപ്പുറം ജില്ലാ ജോയിൻ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രവൃത്തി പൂർത്തിയായി ആറുമാസം പോലും തികയുന്നതിന് മുമ്പ് പല ഭാഗങ്ങളിലും തകർന്ന നിലയിലാണെന്നും, വലിയ കുഴികൾ രൂപപ്പെടുകയും മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റോഡ് നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സ്വതന്ത്ര സാങ്കേതിക പരിശോധന നടത്തുക, കരാറുകാരനെ സ്വന്തം ചെലവിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് റോഡ് പൂർണമായി പുനരുദ്ധരിക്കാൻ നിർദ്ദേശിക്കുക, ഡിഫക്റ്റ് ലൈബിലിറ്റി കാലയളവ് അവസാനിച്ചിട്ടില്ലാത്തതിനാൽ ബാക്കി ബിൽ തുക താൽക്കാലികമായി തടഞ്ഞുവെക്കുക, നിർമാണത്തിൽ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ, കരാറുകാരൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ, മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി നഗരസഭയിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളിലും ഡിഫക്റ്റ് ലയബിലിറ്റി പീരീഡ് ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
റോഡ് പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ :- ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
English Summary:
The newly constructed Vadakke Mamburam road under Tirurangadi municipality has been completely damaged within just six months of completion. Locals formed an action committee and filed a formal complaint to the municipal secretary demanding immediate reconstruction, quality checks, and strict action against the responsible officials and contractors.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in