| മലപ്പുറം ജില്ലാ വികസന സമിതിയോഗം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ ദൃശ്യം. |
ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു: സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തണമെന്ന് പ്രമേയം
ഓൺലൈൻ ഡെസ്ക് | 28-06-2026
മലപ്പുറം: സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ജില്ലാ തല ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് പ്രമേയം. ദേശീയ പാതയില്‍ ശാസ്ത്രീയമായി ഡ്രെയിനേജ് നിര്‍മിച്ച് വീടുകളിലേക്ക് വെള്ളമൊഴുകുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു. എം.എല്‍.എ.മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം, പി.കെ.നവാസ്, അഡ്വ.എം.റഹ്‌മത്തുള്ള, എ.ഡി.എം. പി.ഒ.സാദിഖ്, പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു, സബ് കളക്ടര്‍ ദിലീപ് കൈനിക്കര, ജില്ലാ തല ഉദ്യോഗസ്ഥര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയില്‍ ഡി.എം.ഒ. ഉള്‍പ്പെടെയുള്ള നിരവധി ജില്ലാതല ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ഇത്തരം ഒഴിവുകള്‍ നികത്തണമെന്നും ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.പി. അഷ്‌റഫലി എം.എല്‍.എ.യാണ് പ്രമേയം അവതരിപ്പിച്ചത്.
ദേശീയപാതയില്‍ ശാസ്ത്രീയമായ രീതിയില്‍ ഡ്രെയിനേജ് സംവിധാനം നിര്‍മിച്ച് മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം ഒഴുകി വരുന്ന വിഷയത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എ.മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ അടിയന്തര യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ ബോധവത്ക്കരണം നല്‍കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന ക്ലീന്‍ ഷോട്ട് മലപ്പുറം 2026 പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളുള്‍പ്പെടെ 5212 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്വയം ഭരണം, ഭക്ഷ്യസുരക്ഷ, ദുരന്ത നിവാരണം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ക്യാംപയിനില്‍ 315 റെസ്റ്റോറന്റുകള്‍, 1189 ഹോട്ടലുകള്‍, 481 തട്ടുകടകള്‍, 881 കൂള്‍ബാറുകള്‍ 328 അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെന്നും ഭക്ഷണം കൈകാര്യം ചെയ്യുന്ന 33 ശതമാനം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയെന്നും അറിയിച്ചു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡി.എം.ഒ. യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ കിണറുകള്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ക്ലോറിനേഷന്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിഗല്ല ബാധിച്ച അഞ്ചു പേര്‍ ചികിത്സയിലുണ്ടെന്നും അപകടനില തരണം ചെയ്തു കഴിഞ്ഞതായും ഡി.എം.ഒ.അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍ അനുസരിച്ച് ജില്ലയില്‍ 412 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകളായി ജില്ലയില്‍ പരിശോധനയും ബോധവത്ക്കരണവും നല്‍കി വരുന്നുണ്ടെന്നും എ.എസ്.പി. വികസന സമിതിയോഗത്തില്‍ അറിയിച്ചു.
എം.എല്‍.എ.മാര്‍ ഉന്നയിച്ച വിഷയങ്ങള്‍
- പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ: കോട്ടക്കല്‍-കാക്കത്തോട് പാലം നിര്‍മാണം, കുറ്റിപ്പുറം ഗവ.ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ എന്നിവ വേഗത്തിലാക്കണം. ദേശീയപാതയില്‍ ശരിയായ രീതിയില്‍ ഡ്രെയിനേജ് സംവിധാനം നിര്‍മിക്കണം. വട്ടപ്പാറയിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളമൊഴുകുന്ന അവസ്ഥ പരിഹരിക്കണം.
- ടി.വി.ഇബ്രാഹിം എം.എല്‍.എ: ദേശീയപാതയില്‍ അശാസ്ത്രീയമായാണ് ഫുട്പാത്ത് നിര്‍മാണം നടക്കുന്നതെന്നും പരിഹരിക്കാന്‍ അധികൃതർ സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. കടലെടുത്തു പോയ ആനങ്ങാടി-ടിപ്പു സുല്‍ത്താന്‍ റോഡ് പുനര്‍നിര്‍മിക്കണം. മൂന്നിയൂര്‍-വെളിമുക്ക് എഫ്.ഒ.ബി.നിര്‍മാണം വേഗത്തിലാക്കണം.
- കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ: ജില്ലയില്‍ എസ്.എസ്.എല്‍.സി. റിസല്‍ട്ട് പുറകിലായതില്‍ റിപ്പോര്‍ട്ട് നൽകണം. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തകരാറിലായ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ നന്നാക്കണം. കെ.എസ്.ആര്‍.ടി.സി. മുൻപ് തിരൂരില്‍ നടത്തിയിരുന്ന ഒന്‍പതു സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണം.
- പി.കെ.നവാസ് എം.എല്‍.എ: മൂച്ചിക്കല്‍ പാലം-ദേവധാര്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം. ചീരന്‍ കടപ്പുറം, എടക്കപ്പുറം, ചാമപ്പടി പാലങ്ങളുടെ നിര്‍മാണം വേഗത്തിലാക്കണം.
- അഡ്വ.എം.റഹ്‌മത്തുള്ള എം.എല്‍.എ: മഞ്ചേരി-കോഴിക്കോട് റോഡില്‍ പുതിയ കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വീസ് ആരംഭിക്കണം. മഞ്ചേരി മെഡിക്കല്‍ കോളെജിലെ ബി ബ്ലോക്ക് താത്ക്കാലികമായി മാറ്റാനുള്ള സാധ്യത ആരാഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം.
എം.എല്‍.എ., എം.പി.ഫണ്ട് ഉള്ള പദ്ധതികള്‍ വേഗത്തിലാക്കണമെന്നും എല്ലാവരും സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
English Summary
The Malappuram District Development Committee meeting, chaired by District Collector Dr. Vinay Goyal, passed a resolution demanding the immediate filling of vacant district-level officer posts to expedite government projects. MLAs raised concerns regarding waterlogging in residential areas due to unscientific drainage systems on the National Highway. The meeting also discussed public health initiatives, infrastructure developments, and constituency-specific demands raised by various MLAs.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in