സി.എം.ആർ.എല്ലിന് വൻ തിരിച്ചടി: എക്‌സാലോജിക് കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി


സി.എം.ആർ.എല്ലിന് വൻ തിരിച്ചടി: എക്‌സാലോജിക് കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഓൺലൈൻ ഡെസ്ക് | 05-06-2026

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ അപ്പീൽ കേരളാ ഹൈക്കോടതി തള്ളി. ഇ.ഡി അന്വേഷണം തുടരാമെന്നും ഇതിന് നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.

ഇ.ഡിക്ക് സിവിൽ നടപടികളുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ പിഎംഎൽഎ നിയമപ്രകാരം ക്രിമിനൽ നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സാധിക്കുമെങ്കിലും സി.എം.ആർ.എൽ അധികൃതരെ അറസ്റ്റ് ചെയ്യാൻ നിലവിൽ ഇഡിക്ക് സാധിക്കില്ല. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് സി.എം.ആർ.എൽ അപ്പീൽ നൽകിയിരുന്നത്. ഈ ഉത്തരവിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം ഇ.ഡി വ്യാപക റെയ്ഡ് നടത്തിയിരുന്നത്.

അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്നും, നിരപരാധിത്വം വ്യക്തമാക്കാൻ ഇ.ഡിക്ക് മുന്നിൽ രേഖകൾ സമർപ്പിച്ചുകൂടെയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. കുറ്റകൃത്യങ്ങളിൽ പങ്കില്ലെങ്കിൽ കമ്പനിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ലഭിച്ച ഇ.ഡിയുടെ സമൻസ് വെറും അന്വേഷണ സ്വഭാവമുള്ളതാണെന്നും എഫ്.ഐ.ആറോ കൃത്യമായ കുറ്റകൃത്യമോ ഇല്ലാതെയാണ് അന്വേഷണം തുടങ്ങിയതെന്നുമാണ് സി.എം.ആർ.എല്ലിൻ്റെ വാദം. എന്നാൽ, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും നടപടിക്ക് ആധാരമായ കുറ്റകൃത്യം നിലവിലുണ്ടെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

ഇ.ഡി ഡയറക്ടർ കൊച്ചിയിൽ:
അതിനിടെ, സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര സന്ദർശനം. ഇ.ഡി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് അദ്ദേഹം നിലവിലെ സാഹചര്യങ്ങളും കേസിലെ തുടർനടപടികളും വിലയിരുത്തും.


English Summary: The Kerala High Court has dismissed CMRL's appeal seeking to halt the Enforcement Directorate (ED) investigation into the CMRL-Exalogic case. The division bench clarified that while the ED can proceed with civil actions, including property attachment, criminal proceedings such as arrests under the PMLA are currently restricted. Meanwhile, ED Director Rahul Navin arrived in Kochi to hold a special meeting and assess the situation following reported attacks on ED officials.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp