കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്; ഇന്ദിരാ ഗ്യാരണ്ടികളുമായി പുതിയ നയപ്രഖ്യാപനം





കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്; ഇന്ദിരാ ഗ്യാരണ്ടികളുമായി പുതിയ നയപ്രഖ്യാപനം

ഓൺലൈൻ ഡെസ്ക് | 29-05-2026

തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി. ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും എന്നാൽ വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. മാനുഷികതയിൽ ഊന്നിയ, സുതാര്യമായ ഭരണമാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. 'ക്ലീൻ ഗവേണൻസ്' എന്നതായിരിക്കും സർക്കാരിന്റെ പ്രധാന മുദ്രാവാക്യം.

ലഹരിക്കെതിരെ കർശന നടപടി; സ്വത്ത് കണ്ടുകെട്ടും

രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വേരറുക്കാൻ സമഗ്ര പദ്ധതികൾ നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചാകും പദ്ധതികൾ നടപ്പിലാക്കുക. സ്കൂളുകൾ വഴി ശക്തമായ ബോധവൽക്കരണം നടത്തുകയും ഓൺലൈൻ ലഹരി ശൃംഖലകൾ തടയുകയും ചെയ്യും. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. പൊലീസ് സംവിധാനം പൂർണ്ണമായും ആധുനികവത്കരിക്കുകയും ആശുപത്രി മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

വയോജന മന്ത്രാലയവും വികസന പദ്ധതികളും

കേന്ദ്രവുമായി ഫെഡറലിസത്തിൽ ഊന്നിയുള്ള ക്രിയാത്മകമായ ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ രൂപീകരിച്ചു കഴിഞ്ഞു. കേരളത്തെ പ്രധാന തുറമുഖ വികസന ഹബായി പടുത്തുയർത്തുമെന്നും ഗവർണർ അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.

കർഷകർക്കും സ്ത്രീകൾക്കും വലിയ പിന്തുണ

കാർഷിക രംഗത്തിന് നയപ്രഖ്യാപനത്തിൽ വലിയ ഊന്നലാണ് നൽകിയിരിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകും. വനിതാ കർഷകർക്ക് പ്രത്യേക പരിഗണന നൽകുകയും സ്ത്രീകളെ കൂടുതൽ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ രൂപീകരിക്കും. കൂടാതെ മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കാനും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്ക് രൂപീകരിച്ച് സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്താനും തീരുമാനമുണ്ട്.

സഹകരണ മേഖലയും ഐടി നവീകരണവും

അഴിമതി വിമുക്തമായ സഹകരണ മേഖലയാണ് സർക്കാരിന്റെ ലക്ഷ്യം. സഹകരണ-വിജിലൻസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ക്ഷീര സഹകരണ സംഘങ്ങളിൽ അടക്കം ഉടൻ തിരഞ്ഞെടുപ്പ് നടത്തും. ഐടി മിഷനെ 'ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ' ആക്കി മാറ്റും. ഐടി വകുപ്പിന്റെ പുതിയ പേര് 'ഐടി ഫ്യൂച്ചർ ടെക്നോളജി' എന്നായിരിക്കും. വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക് രൂപീകരിക്കാനും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജമാക്കാനും നയപ്രഖ്യാപനത്തിൽ തീരുമാനമായിട്ടുണ്ട്.



English Summary

The first policy address of the V.D. Satheesan government, delivered by Governor Rajendra Vishwanath Arlekar, announced major initiatives including the 'Indira Guarantees' which offer free KSRTC travel for women and the Oommen Chandy health insurance scheme. The address emphasized 'Clean Governance', a zero-tolerance policy against drugs with property confiscation measures, police modernization, and high priority for agriculture, cooperative sector reforms, and IT sector upgrades.



വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp