റേഷൻ വിതരണത്തില്‍ മാറ്റം; നീലക്കാർഡിന്റെ അധിക വിഹിതം നിർത്തി

റേഷൻ വിതരണത്തില്‍ മാറ്റം; നീലക്കാർഡിന്റെ അധിക വിഹിതം നിർത്തി

ഓൺലൈൻ ഡെസ്ക് | 31-05-2026

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തില്‍ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ്. രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനല്‍കുന്ന രീതി സർക്കാർ അവസാനിപ്പിച്ചു. ജൂണ്‍ മുതല്‍ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച്‌ നല്‍കിയത് പല താലൂക്കുകളിലെയും വിതരണത്തെ സാരമായി ബാധിച്ചതിനെ തുടർന്നാണ് ഈ നടപടി.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച്‌ നല്‍കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നി‌ർദേശം. എന്നാൽ, റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇത് രണ്ടായി കുറയ്ക്കുകയായിരുന്നു. ചിലയിടങ്ങളില്‍ രണ്ടുമാസത്തെ റേഷൻ നല്‍കാനുള്ള അരിയെത്തിക്കുന്നതില്‍ വീഴ്‌ചയുണ്ടാവുകയും കണക്കുകളില്‍ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്തു. കൂടുതൽ ധാന്യം സംഭരിക്കാൻ എഫ്‌സിഐയോട് ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിലെ രീതിയിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനം.

നീലക്കാർഡുടമകൾക്ക് നിരാശ
നീലക്കാർഡിന് നല്‍കിയിരുന്ന അധിക വിഹിതവും സർക്കാർ അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലില്‍ രണ്ടുകിലോയും മേയില്‍ മൂന്നുകിലോയും അധിക വിഹിതം നീലക്കാർഡുടമകള്‍ക്ക് നല്‍കിയിരുന്നു. ഇനിമുതല്‍ നീലക്കാർഡിന് നാലുകിലോ അരി എന്ന പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം ആട്ട നല്‍കുന്നത് തുടരും.

English Summary: The Kerala civil supplies department has stopped the distribution of combined two-month rations and discontinued the extra rice quota previously given to blue ration cardholders. From June onwards, beneficiaries will receive only their regular monthly ration.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp