ഇറാൻ ആക്രമണം: മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം; 52 വിമാനങ്ങളും ഡ്രോണുകളും തകർന്നു


ഇറാൻ ആക്രമണം: മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം; 52 വിമാനങ്ങളും ഡ്രോണുകളും തകർന്നു

ഓൺലൈൻ ഡെസ്ക് | 16-09-2026

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള യു.എസ് സൈനിക താവളങ്ങൾക്ക് മാരകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് വിവരങ്ങൾ അടിസ്ഥാനമാക്കി പെന്റഗൺ ഇൻസ്പെക്ടർ ജനറൽ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങൾക്കും ആയുധങ്ങൾക്കും മറ്റു സൈനിക ഉപകരണങ്ങൾക്കും നേരെ ഇറാൻ വ്യാപകമായി ആക്രമണങ്ങൾ നടത്തി.

ജൂൺ 30 വരെയുള്ള ഓപ്പറേഷനുകളെ കുറിച്ചുള്ള റിപ്പോർട്ടിൽ, മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും തകർച്ചയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് നയതന്ത്ര കേന്ദ്രങ്ങൾക്ക് 18.4 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ഇതിൽ ഭൂരിഭാഗവും ഇറാഖിലാണെന്നും റിപ്പോർട്ട് കണക്കാക്കുന്നു. ജൂൺ 30 വരെയുള്ള കാലത്ത് ആകെ 52 വിമാനങ്ങളും ഡ്രോണുകളും പൂർണ്ണമായും തകർക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.

എഫ്-15ഇ യുദ്ധവിമാനങ്ങൾ, കെ.സി-135 ഏരിയൽ റീഫ്യൂവലിംഗ് ടാങ്കറുകൾ, എം.ക്യു-9 ഡ്രോണുകൾ എന്നിവ കേടുപാടുകൾ സംഭവിച്ച സൈനിക ആസ്തികളിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 28 ന് ഇറാനെതിരെ യു.എസ്-ഇസ്രായിൽ ആക്രമണങ്ങളോടെയാണ് സംഘർഷം ആരംഭിച്ചത്. യു.എസ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, ഏഴ് മാസത്തോളം നീണ്ടുനിന്ന സംഘർഷത്തിൽ കുറഞ്ഞത് 18 യു.എസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങളും ഡസൻ കണക്കിന് വിമാനങ്ങളും ഇറാൻ ആക്രമണങ്ങളിൽ തകർക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. കൂടാതെ നിരവധി ഡ്രോണുകളും ഹെലികോപ്റ്ററുകളും വെടിവെച്ചിടുകയോ കൂട്ടിയിടിച്ച് തകരുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള യുദ്ധത്തിന് ശേഷം ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിൽ തടസ്സങ്ങളും വെടിക്കോപ്പുകളുടെ ക്ഷാമവും യുഎസ് സൈന്യം നേരിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പ്രതിരോധ വകുപ്പ് വെടിക്കോപ്പുകൾക്കായി 22 ബില്യൺ ഡോളറിലധികം ചെലവഴിച്ചു. ഇറാനുമായുള്ള സംഘർഷം മൂലം 2026 ഓഗസ്റ്റ് ഒന്നോടെ അമേരിക്കക്ക് ഏകദേശം 38 ബില്യൺ ഡോളർ ചെലവ് വന്നതായി നിഷ്പക്ഷ ഏജൻസിയായ കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (സി.ബി.ഒ) റിപ്പോർട്ടിൽ വ്യക്തമാക്കി. സംഘർഷം തുടരുകയാണെങ്കിൽ പ്രതിമാസ ചെലവ് 2 മുതൽ 3 ബില്യൺ ഡോളർ വരെയോ അതിൽ കൂടുതലോ ആകാനും സാധ്യതയുണ്ട്.


English Summary:

According to a Pentagon Inspector General report, US military bases in the Middle East suffered severe damage during the conflict with Iran. A total of 52 aircraft and drones were destroyed or damaged. The conflict has cost the US approximately $38 billion so far, resulting in ammunition shortages and massive destruction across various bases in the Middle East.



വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: Join Here
🔵 WhatsApp Channel: Follow Here
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 Website: www.karumbillive.in

Previous Post Next Post
WhatsApp