കൊല്ലം: കേരളത്തെ ഞെട്ടിച്ച വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് വീട് കയറി മർദ്ദനമേറ്റു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലു യുവാക്കൾ വീട് നോക്കി വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിച്ച് ശബ്ദമുണ്ടാക്കുകയും കിരണിനെ പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ചെയ്തു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ കിരണിനെ സംഘം മർദ്ദിക്കുകയും തല്ലി വീഴ്ത്തുകയും ചെയ്തു. മർദ്ദനത്തിന് ശേഷം കിരണിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്താണ് സംഘം കടന്നുകളഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
മുൻപും പലതവണ യുവാക്കൾ ബൈക്കുകളിൽ എത്തി വീടിനു മുന്നിൽ വെല്ലുവിളി നടത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരൺ കുമാർ, നിലവിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടി വീട്ടിൽ കഴിയുകയാണ്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്